സീമ മോഹന്‍ലാല്‍
കൊച്ചി: മൂല്യ നിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം കൂട്ടിയതില്‍ പ്രതിഷേധിച്ച് ഹയര്‍സെക്കൻഡറി അധ്യാപകര്‍ സമരത്തിനൊരുങ്ങുന്നു.
പ്രതിദിനം പരമാവധി 40 ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയിരുന്ന സ്ഥാനത്ത് ഇനി മുതല്‍ 50 ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തണമെന്നാണ് പുതിയ നിര്‍ദ്ദേശം.
പ്രായോഗിക പരീക്ഷയുള്ള വിഷയങ്ങള്‍ക്ക് സാധാരണ രണ്ട് മണിക്കൂര്‍ പരീക്ഷയും അതിന് 60 മാര്‍ക്കും ആണ് നല്‍കേണ്ടത്.
പ്രായോഗിക പരീക്ഷ ഇല്ലാത്ത ഭാഷ വിഷയങ്ങള്‍ക്കും മാനവിക വിഷയങ്ങള്‍ക്കും രണ്ടര മണിക്കൂര്‍ പരീക്ഷയ്ക്ക് 80 മാര്‍ക്ക് ആണ് ഉണ്ടാവുക.
കഴിഞ്ഞ വര്‍ഷം വരെ അധ്യാപകര്‍ മൂല്യനിര്‍ണയം നടത്തിയിരുന്നത് ഒരു ദിവസം 26 ഉത്തരക്കടലാസ് വീതമായിരുന്നു. 30 മാര്‍ക്കുള്ള ബോട്ടണി, സുവോളജി എന്നീ വിഷയങ്ങള്‍ക്ക് 40 ഉത്തരക്കടലാസ് ഒരു ദിവസം മൂല്യനിര്‍ണയം നടത്തേണ്ടതുണ്ടായിരുന്നു.
എന്നാല്‍ പുതുക്കിയ മാനദണ്ഡപ്രകാരം സമയ ദൈര്‍ഘ്യത്തിലോ, ആകെ മാര്‍ക്കിലോ വ്യത്യാസം വരുത്താതെ തന്നെ, മൂല്യനിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം യഥാക്രമം 34, 50 ആയി ഉയര്‍ത്തിയിരിക്കുന്നത്.
ഈ വര്‍ഷം ചോദ്യങ്ങളുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ധനവ് ഉണ്ടായിരിക്കുന്നു. 80 മാര്‍ക്കുളള വിഷയത്തിന് 35 ചോദ്യങ്ങളും 60 മാര്‍ക്കുളള വിഷയത്തിന് 36 ചോദ്യങ്ങളും 30 മാര്‍ക്കുളള വിഷയത്തിന് 24 ചോദ്യങ്ങളുമാണുളളത്.
അധ്യാപകര്‍ ഒരു ദിവസം മൂല്യനിര്‍ണയം നടത്തേണ്ട സമയം ആറ് മണിക്കൂറാണ്. അതായത് ഒരു ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തുന്നതിന് ഒരധ്യാപകന് എടുക്കാവുന്ന കൂടിയ സമയം 10 മിനിറ്റ് ആണ്.
ബയോളജിക്ക് ആവട്ടെ അത് ഏഴു മിനിറ്റ് ആയി പരിമിതപ്പെട്ടിരിക്കുന്നു. ഇത് മൂല്യനിര്‍ണയത്തിന്റെ കൃത്യതയെ ബാധിക്കുമെന്നാണ് അധ്യാപകര്‍ പറയുന്നത്.
മൂല്യനിര്‍ണയത്തില്‍ ഉണ്ടാവുന്ന ചെറിയ മാര്‍ക്ക് വ്യത്യാസങ്ങള്‍ക്ക് പോലും അധ്യാപകര്ക്കെതിരേ കടുത്ത ശിക്ഷാനടപടികള്‍ എടുക്കുന്ന സാഹചര്യത്തില്‍ നിശ്ചിത സമയത്തിനുള്ളില്‍ പരാതിയില്ലാതെ മൂല്യനിര്‍ണയം പൂര്‍ത്തീകരിക്കണമെങ്കില്‍ ഉദാരമായി മാര്‍ക്ക് നല്‍കേണ്ടിവരും.
ഇത് മൂല്യനിര്‍ണയത്തിന്റെ സൂക്ഷ്മതയെ ബാധിക്കുമെന്ന് എഎച്ച്എസ്ടിഎ ജനറല്‍ സെക്രട്ടറി എസ്. മനോജ് പറഞ്ഞു.ഹയര്‍ സെക്കൻഡറിയില്‍ രണ്ടര മണിക്കൂര്‍ പരീക്ഷയുടേതിന് 26 പേപ്പര്‍ മൂല്യനിര്‍ണയം നടത്തിയിരുന്നത് ഇപ്പോള്‍ 34 എണ്ണമാക്കി.
പുനര്‍ മൂല്യ നിര്‍ണയത്തില്‍ മാര്‍ക്കിന് വ്യത്യാസം ഉണ്ടായാല്‍ അധ്യാപകര്‍ക്ക് ശിക്ഷ നടപടികള്‍ ഉണ്ടാകുന്നുണ്ട്. ഇന്ക്രിമെന്റടക്കം തടയുകയും ഭീമമായ തുക നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നതുമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അധ്യാപകര്‍ പറയുന്നു.
ഇക്കഴിഞ്ഞ ജനുവരിയില്‍ ഹയര്‍സെക്കൻഡറി മാന്വല്‍ പരിഷ്കരിച്ചപ്പോഴാണ് ഈ പുതിയ നിബന്ധന കൊണ്ടുവന്നത്. മൂല്യനിര്‍ണയ സമയത്തെക്കുറിച്ച് വിദഗ്ധ സമിതി ശുപാര്‍ശയനുസരിച്ചാണ് പുതിയ സമയക്രമമെന്ന് ഹയര്‍സെക്കൻഡ വകുപ്പ് വിശദീകരിക്കുന്നു.
സിപിഐ അനുകൂല സംഘടനയായ എകെഎസ്ടിയുവിനൊപ്പം കെഎച്ച്എസ്ടിയു, എച്ച്എസ്എസ്ടിഎ ഉള്‍പ്പെടെയുളള നാല് പ്രധാന അധ്യാപക സംഘടനകള്‍ സമരത്തിന് നോട്ടീസ് നല്കിരിക്കുന്നത്.