വാഷിംഗ്ടൺ/ബെയ്ജിംഗ്: യുഎസ് – ചൈന വാണിജ്യയുദ്ധം പുതിയ തലത്തിലേക്ക്. ചൈനീസ് ടെലികോം ഉപകരണ കന്പനി വാവേക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിലക്കേർപ്പെടുത്തി. വാവേയുമായി അമേരിക്കൻ കന്പനികൾക്കോ സ്ഥാപനങ്ങൾക്കോ ഇനി ഒരു ഇടപാടും പറ്റില്ല.
തിരിച്ചടിക്കുമെന്നും ചൈനീസ് വ്യവസായങ്ങളുടെ താത്പര്യം രക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും ചൈന പ്രതികരിച്ചു. ഏതെങ്കിലും യുഎസ് കന്പനികളെ വിലക്കുമോ എന്ന ചോദ്യത്തിനു വിദേശകാര്യ വക്താവ് മറുപടി നല്കിയില്ല.
അമേരിക്കയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടാണ് ട്രംപ് വാവേയെ വിലക്കിയത്. അടിയന്തരാവസ്ഥയിൽ രാജ്യതാത്പര്യത്തിനു ഭീഷണിയാകുന്ന ഒരു സ്ഥാപനവുമായും കന്പനിയുമായും ബന്ധം പാടില്ല. ട്രംപിന്റെ പ്രഖ്യാപനം വന്ന ഉടനേ വാവേയെയും ഉപ-സഹകന്പനികളെയും ഭീഷണി ഉയർത്തുന്നവയുടെ പട്ടികയിൽപ്പെടുത്തി. ഇനി വാവേയുടെ ഉത്പന്നങ്ങളും സാങ്കേതികവിദ്യയും അമേരിക്കയിലേക്കു വാങ്ങുകയോ അമേരിക്കൻ ഉത്പന്നങ്ങളും സാങ്കേതികവിദ്യയും വാവേക്കു നല്കുകയോ ചെയ്യാൻ പാടില്ല.
വാണിജ്യയുദ്ധത്തിന്റെ ഭാഗമായി ചൈനയിൽനിന്നുള്ള മുഴുവൻ ഇറക്കുമതിക്കും അമേരിക്ക 25 ശതമാനം ചുങ്കം ചുമത്തി. ഇതിൽ കുറേ അടുത്തയാഴ്ച പ്രാബല്യത്തിലാകും. ബാക്കി എന്നു നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിട്ടില്ല. യുഎസ് സാധനങ്ങൾക്കു ചൈനയും ചുങ്കം ചുമത്തി. അതു ജൂൺ ഒന്നിനു പ്രാബല്യത്തിലാകും.
യുഎസ് – ചൈന വാണിജ്യചർച്ചയിൽ ചൈന കൂടുതൽ വിട്ടുവീഴ്ചയ്ക്കു തയാറാകാൻവേണ്ടിയുള്ള തന്ത്രമാണു ചുങ്കം ചുമത്തൽ എന്ന് ആദ്യം കരുതിയിരുന്നു. ഇപ്പോൾ തന്ത്രം അതല്ലെന്നാണു സൂചന. ചൈനയെ ഒരു പ്രഖ്യാപിത ശത്രുവായി ഉയർത്തിപ്പിടിച്ച് അടുത്തവർഷത്തെ തെരഞ്ഞെടുപ്പ് ജയിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ഇപ്പോൾ വ്യക്തമായി.
വാവേയും മറ്റൊരു ചൈനീസ് കന്പനിയായ സെഡ്ടിഇയും അമേരിക്കയ്ക്കും അമേരിക്കൻ വ്യവസായങ്ങൾക്കും ഭീഷണിയാണെന്ന അഭിപ്രായം റിപ്പബ്ലിക്കൻ പാർട്ടിക്കു മാത്രമല്ല ഡെമോക്രാറ്റുകൾക്കും ഉണ്ട്. ചൈനീസ് ഗവൺമെന്റും കമ്യൂണിസ്റ്റ് പാർട്ടിയുമാണ് ഈ കന്പനികൾക്കു പിന്നിലെന്നാണ് ആരോപണം. വിദേശകന്പനികളെ തകർക്കാനും ചാരപ്രവർത്തനം നടത്താനുമാണ് ഇവയെ ഉപയോഗിക്കുന്നത് എന്ന് പരക്കെ ആക്ഷേപമുണ്ട്.
വാവേ കന്പനി
10,600 കോടി ഡോളർ (7.42 ലക്ഷം കോടി രൂപ) വിറ്റുവരവുള്ള വാവേയുടെ വില്പനയിൽ 6.6 ശതമാനമേ അമേരിക്കയിൽ ഉള്ളൂ. എന്നാൽ, യുഎസ് ഉത്പന്നങ്ങളും സാങ്കേതികവിദ്യയും വാവേക്കു വിലക്കപ്പെട്ടതാകുന്നതു കന്പനിയെ സാരമായി ബാധിക്കും.
ടെലികോം നെറ്റ്വർക്ക് മുതൽ മൊബൈൽ ഫോൺ വരെ ഉള്ള വാവേയിൽ 1.88 ലക്ഷം പേർ ജോലി ചെയ്യുന്നു.വാവേയുടെ സ്ഥാപകൻ ചൈനീസ് സൈന്യത്തിൽനിന്നു റിട്ടയർ ചെയ്ത റെൻ ചെംഗ് ഫെയ് ആണ്. ഷെൻജെൻ ആസ്ഥാനമായുള്ള കന്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ റെനിന്റെ മകൾ മെംഗ് വാംഗ്ചൗ ആണ്. ഇവരെ കഴിഞ്ഞ ഡിസംബറിൽ കാനഡയിൽ ചാരവൃത്തിക്കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു.