ചൈനീസ് കമ്പനികള്‍ക്ക് ഇത് കഷ്ടകാലമോ ? അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ അനന്തരഫലം അനുഭവിച്ചു തുടങ്ങിയിരിക്കുകയാണ് ലോകത്തെ വലിയ ചൈനീസ് കമ്പനികളിലൊന്നായ വാവെ.
തങ്ങളുടെ ഏറ്റവും അത്യാധുനിക പ്രോസസറുകള്‍ ഇനി നിര്‍മിക്കാനായേക്കില്ലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥന്‍. അമേരിക്ക ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കിടയിലും കമ്പനി മുന്നോട്ടു നീങ്ങുമെന്ന പ്രതീക്ഷയായിരുന്നു ഇതുവരെ വാവെയ് പ്രകടിപ്പിച്ചുവന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ കമ്പനി പ്രതിസന്ധിയിലാണെന്ന സൂചനയാണ് നല്‍കുന്നത്.
ചൈന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വാവെയ് കമ്പനി ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളില്‍ ഒന്ന് എന്നതു കൂടാതെ ടെലികോം നെറ്റ്വര്‍ക്ക് ഉപകരണ നിര്‍മാണത്തിലും ഒന്നാം സ്ഥാനത്താണ്. ഇന്ത്യയും അമേരിക്കയും അടക്കം പല രാജ്യങ്ങളും അടുപ്പിക്കില്ലെങ്കിലും ലോകത്ത് ഇപ്പോള്‍ ഏറ്റവും കുറഞ്ഞ ചെലവിലും, ഏറ്റവും ഗുണമേന്മയുള്ളതുമായ 5ജി നെറ്റ്വര്‍ക്ക് ഒരുക്കാനുള്ള ശേഷിയുള്ളത് വാവെയ്ക്കാണെന്നാണ് വിലയിരുത്തല്‍.
അമേരിക്ക-ചൈന സംഘര്‍ഷത്തിന്റെ കേന്ദ്രബിന്ധുവായി തീര്‍ന്നതാണ് വാവെയ്ക്കു വിനയായത്. അനുദിനം വഷളായി വരികയാണ് അമേരിക്ക-ചൈന കുടിപ്പക.
അടുത്തിടെ അമേരിക്ക ചൈനീസ് ആപ്പുകളായ ടിക്ടോക്കിനെയും, വീചാറ്റിനെയും രാജ്യത്ത് വിലക്കിയിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ആപ്പുകള്‍ക്കു നേരെ നടപടിയുണ്ടാകുമെന്ന വ്യക്തമായ സൂചനയും അമേരിക്ക നല്‍കിക്കഴഞ്ഞു.
അമേരിക്കന്‍ ടെക്‌നോളജി ഉപയോഗിച്ച് സാധനങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ഒരു കമ്പനിയും വാവെയ്ക്ക് ഇനി ഒന്നും വില്‍ക്കരുതെന്ന വിലക്കാണ് ഏര്‍പ്പെടത്തയത്. ഇതാണിപ്പോള്‍ വാവെയ്ക്കു കുരുക്കായിരിക്കുന്നത്. കമ്പനി സ്വന്തമായി ആണ് തങ്ങളുടെ കിരിന്‍ പ്രോസസര്‍ ഉണ്ടാക്കിയെടുക്കുന്നത്.
എന്നാല്‍, ഇവ നിര്‍മിച്ചു നല്‍കുന്ന കോണ്‍ട്രാക്ടര്‍മാര്‍ അമേരിക്കന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ഇതിനാല്‍ അടുത്ത സെപ്റ്റംബര്‍ 15ന് തങ്ങള്‍ക്കുള്ള ചിപ് നിര്‍മാണം കോണ്‍ട്രാക്ടര്‍മാര്‍ നിര്‍ത്തുമെന്നാണ് കമ്പനിയുടെ കണ്‍സ്യൂമര്‍ യൂണിറ്റിന്റെ പ്രസിഡന്റായ റിച്ചാര്‍ഡ് യു വെളിപ്പെടുത്തിയിരിക്കുന്നത്.
സ്വന്തമായി ചിപ്പ് നിര്‍മിക്കാനുള്ള ശേഷി ഇപ്പോള്‍ തങ്ങള്‍ക്കില്ലെന്നും അദ്ദേഹം സമ്മതിച്ചിരിക്കുകയാണ്. കമ്പനിയുടെ ഫ്ളാഗ്ഷിപ് ഫോണുകള്‍ക്കുള്ള അത്യാധുനിക ചിപ്പുകളുടെ നിര്‍മാണമാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.
അമേരിക്കയുടെ രണ്ടാം ഘട്ട വിലക്ക് വന്നതോടെ വാവെയ്ക്ക് ചിപ്പുണ്ടാക്കി നല്‍കുന്ന കോണ്‍ട്രാക്ടര്‍മാര്‍ സെപ്റ്റംബര്‍ 15 വരെയുള്ള കരാര്‍ മാത്രമാണ് സ്വീകരിച്ചത്. ഇതിനാല്‍ തന്നെ സെപ്റ്റംബര്‍ 15ന് പ്രൊഡക്ഷന്‍ നിലയ്ക്കും.
എന്നുപറഞ്ഞാല്‍, ചിപ്പില്ലെങ്കില്‍ ഫോണിറക്കാനാവില്ല. എന്തായാലും കഴിഞ്ഞ വിറ്റതിനേക്കാള്‍ കുറച്ച് മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ മാത്രമേ ഇത്തവണ വില്‍ക്കാന്‍ കഴിയുള്ളൂവെന്നും റിച്ചാര്‍ഡ് യു വ്യക്തമാക്കി.