ബെയ്ജിംഗ്: സ്മാര്‍ട്ട്ഫോണ്‍ വിപണിയിൽ ഒന്നാമനാകാനുള്ള ഓട്ടത്തിലാണ് ചൈനീസ് കമ്പനിയായ വാവേ. എന്നാൽ പുതുവർഷത്തിലേക്ക് കലെടുത്തുവെച്ച വാവേക്ക് ഒരു അബദ്ധം പിണഞ്ഞു. ഔദ്യോഗിക ട്വിറ്ററിൽ ജീവനക്കാരികൾ പുതുവത്സര ആശംസ ട്വീറ്റ് ചെയ്തത് ഐഫോണിൽ നിന്ന്. എതിരാളിയായ ആപ്പിളിനെ വാവേ ഉപയോഗിച്ച സംഭവം സൈബര്‍ ലോകത്ത് വലിയ തമാശയായി മാറിയിരിക്കുകയാണ്.
ട്വിറ്ററിന്റെ ഐഫോൺ ആപ്പിൽ നിന്നാണെന്ന ഡിജിറ്റൽ സിഗ്നേച്ചറാണ് പണി ഒപ്പിച്ചത്. അമളി തിരിച്ചറിഞ്ഞ ജീവനക്കാരികൾ ട്വീറ്റ് ഉടൻ പിൻവലിച്ചെങ്കിലും ഇക്കാര്യം അതിവേഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു ജീവനക്കാരികൾക്ക് കമ്പനി മെമ്മോ അയച്ചു. ഇവർക്കെതിരെ തരംതാഴ്ത്തലും ശമ്പളം തടയലും ഉൾപ്പെടെയുള്ള നടപടി എടുക്കുമെന്നാണ് വിവരം.
ട്വിറ്റര്‍ പോസ്റ്റുകള്‍ക്കൊപ്പം അവ നല്കിയ ഉപകരണം ഏതെന്ന് കാണിക്കുന്ന ഈ ഫീച്ചര്‍ ഇങ്ങനെ ഒരു പണി ഒപ്പിക്കുന്നത് ഇത് ആദ്യമായല്ല. ഡിസംബറിൽ സാംസംഗിന്റെ ട്വിറ്റര്‍ കൈകാര്യം ചെയ്യുന്നയാൾക്കും ഇതുപോലെ അമളി പറ്റിയിരുന്നു. സാംസംഗ് ഗാലക്സി നോട്ട് 9-ന്റെ പ്രചരാണാര്‍ത്ഥം വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചപ്പോഴാണ് അബദ്ധം സംഭവിച്ചത്.
That was fast pic.twitter.com/y6k0FJF7Gq
— Marques Brownlee (@MKBHD) January 1, 2019