ചൈനീസ് ടെലികോം കമ്പനി വാ വേയുടെ സ്ഥാപകന്റെ മകളും കന്പനി വൈസ് ചെയര്‍മാനും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറു(സിഎഫ്ഒ)മായ മെങ് വാഞ്ചൗ കാനഡയില്‍ അറസ്റ്റിലായി. ഇറാനെതിരായ യുഎസ് ഉപരോധം വാ വേ കമ്പനി ലംഘിച്ചെന്നാരോപിച്ചാണ് അറസ്റ്റ്. മെങിനെ അമേരിക്കന്‍ അധികാരികള്‍ക്കു കൈമാറുന്ന കാര്യത്തില്‍ ഇന്നു തീരുമാനമുണ്ടാകും.
ശനിയാഴ്ചയായിരുന്നു അറസ്റ്റ്. ഇന്നലെയാണ് അതു വാര്‍ത്തയായത്. ഇതോടെ ലോകമെങ്ങും ഓഹരിവിപണികളില്‍ ഇടിവുണ്ടായി.
ചൈനീസ് സൈന്യത്തില്‍ എന്‍ജിനിയറായിരുന്ന റെന്‍ ചെഗ്ഫേയാണ് വാ വേ (Huawei) കമ്പനിയുടെ സ്ഥാപകന്‍. മൊബൈല്‍ ഫോണുകള്‍, ടെലികോം യന്ത്രങ്ങള്‍ തുടങ്ങിയവ നിര്‍മിക്കുന്ന കമ്പനിയില്‍ 1.8 ലക്ഷം ജീവനക്കാരുണ്ട്. സ്മാര്‍ട്ഫോണ്‍ വില്പനയില് സാംസംഗിനു തൊട്ടു പിന്നിലാണ്. ഇന്ത്യയിലും കന്പനിക്കു ഗവേഷണശാലയുണ്ട്. കഴിഞ്ഞവര്‍ഷം 92,549 കോടി ഡോളര്‍ വിറ്റുവരവില്‍ 7276 കോടി ഡോളര്‍ അറ്റാദായമുണ്ടാക്കി.
അമേരിക്ക-ചൈന വാണിജ്യയുദ്ധത്തിന്റെ ഒരു ഭാഗമാണ് ഈ അറസ്റ്റ് എന്നു നിരീക്ഷകര്‍ കരുതുന്നു. അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണെന്നു പറഞ്ഞ ചൈന മെങിനെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ചൈനീസ് പ്രതികരണം രൂക്ഷഭാഷയിലല്ല എന്നതു ശ്രദ്ധേയമാണ്.
യുഎസ് വിലക്കു ലംഘിച്ച് ഇറാന് ടെലികോം യന്ത്രങ്ങളും ഉപകരണങ്ങളും വാ വേ കൊടുത്തെന്നാണ് ആരോപണം. ഇതു ശരിയാണെന്നുവന്നാല്‍ യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന് തുടങ്ങിയ ആദായകരമായ വിപണികളില്‍നിന്നു വാ വേ കമ്പനി പുറത്താക്കപ്പെടും. ഇപ്പോള്‍ത്തന്നെ കമ്പനിയുടെ 5 ജി നെറ്റ്വര്ക് ഉപകരണങ്ങള്‍ പല രാജ്യങ്ങളിലും വിലക്കിയിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗും അര്‍ജന്റീനയില്‍ ചര്‍ച്ച നടത്തി വാണിജ്യ വിഷയത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ദിവസംതന്നെയാണു മെങ് അറസ്റ്റിലായത്. ട്രംപുമായി ഉണ്ടാക്കിയ ധാരണകള്‍ ഉടന്‍ നടപ്പിലാക്കുമെന്നു ചൈന ഇന്നലെ അറിയിച്ചു. 90 ദിവസത്തിനകം തര്‍ക്കവിഷയങ്ങളെല്ലാം പരിഹരിക്കണമെന്നാണു ട്രംപ്-ഷി ചര്‍ച്ചയിലെ ധാരണ. ചൈന ഇപ്പോള്‍ യുഎസുമായുള്ള വ്യാപാരത്തില്‍ വലിയ മിച്ചം നേടുന്നുണ്ട്. അതു കുറയ്ക്കുകയാണു ട്രംപിന്റെ ലക്ഷ്യം.
മെങിന്റെ അറസ്റ്റിലൂടെ ചൈനയേയും ഇറാനേയും ഒരുപോലെ മെരുക്കാമെന്നു ട്രംപ് കരുതുന്നു. ഉപരോധത്തെ തങ്ങള്‍ വകവയ്ക്കുന്നില്ലെന്നു കഴിഞ്ഞദിവസവും ഇറാന് പറഞ്ഞു. മെങ് വിഷയത്തില്‍ ചൈന വഴങ്ങിയാല്‍ ഇറാന് ചെറുത്തുനില്പ് അസാധ്യമാകും.