സ്വന്തം ലേഖകൻ
ന്യൂഡൽഹി: പ്രതിഷേധക്കാർക്കു നേരേ വാഹനം ഓടിച്ചുകയറ്റിയ കേസിൽ ഒഡീഷ എംഎൽഎയോട് ഒരു വർഷത്തേക്ക് സ്വന്തം മണ്ഡലത്തിൽ കാലുകുത്തിപ്പോകരുതെന്നു സുപ്രീംകോടതി.
ഒരു തരത്തിലുള്ള പൊതുയോഗത്തിലും ഒരു വർഷത്തേക്കു പ്രസംഗിച്ചു പോകരുതെന്നും ബിജെഡി എംഎൽഎ പ്രശാന്ത് കുമാർ ജഗ്ദേവിനോട് നിർദേശിച്ചിട്ടുണ്ട്.
ജസ്റ്റീസുമാരായ ഹേമന്ത് ഗുപ്ത, വിക്രംനാഥ് എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. ജില്ലാ കളക്ടറുടെ അനുമതിയില്ലാതെ, വിലക്കുള്ള കാലത്തോളം മണ്ഡലത്തിലേക്ക് കടക്കരുതെന്നാണു കേസിൽ ജാമ്യം അനുവദിച്ചുകൊണ്ടു സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്.
നേരത്തേ പ്രശാന്ത് കുമാറിന്റെ ജാമ്യാപേക്ഷ ഒഡീഷ ഹൈക്കോടതി തള്ളിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, അഞ്ചു പേരിൽ കൂടുതൽ ആളുകൾ ഉള്ള സംഘത്തെ അഭിസംബോധന ചെയ്തു സംസാരിക്കരുത്,
രാഷ്ട്രീയ യോഗങ്ങളിൽ പങ്കെടുത്തു സംസാരിക്കരുത്, സാക്ഷികളെ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളിന്മേലാണ് സുപ്രീംകോടതി ഇപ്പോൾ ജാമ്യം അനുവദിച്ചത്.
വിചാരണക്കോടതിക്ക് മറ്റേതു ജാമ്യ വ്യവസ്ഥകൾ വേണമെങ്കിലും ഏർപ്പെടുത്താമെന്നും സുപ്രീംകോടതി നിർദേശിച്ചു.
പ്രതിഷേധക്കാർക്കു നേരേ ആഡംബര കാർ ഓടിച്ചു കയറ്റിയെന്നാണ് ജാദവിന് എതിരായ കേസ്. ജാദവിന്റെ പരാക്രമത്തിൽ ഇരുപതിലേറെ പേർക്കു പരിക്കേറ്റിരുന്നു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
ഒരു ജനപ്രതിനിധിയിൽനിന്നുണ്ടാവാൻ പാടില്ലാത്ത പെരുമാറ്റമാണ് ജാദവിൽനിന്ന് ഉണ്ടായതെന്ന് ജാമ്യ ഹർജി തള്ളിക്കൊണ്ട് ഒഡിഷ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.
വ്യാജ നന്പർ ഉപയോഗിച്ചാണ് ജാദവ് ഡിസ്കവറി കാർ ഓടിച്ചത്. ഇത് ആളുകൾക്കു നേരെ ഓടിച്ചുകയറ്റുകയായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ഒരു ബിജെപി എംഎൽഎയെ കൈയേറ്റം ചെയ്തതിന് പ്രകാശ് കുമാറിനെ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു.