ചൈനയില് ജനനനിരക്ക് വന്തോതില് കുറയുന്നതായി റിപ്പോര്ട്ട്. കഴിഞ്ഞ 60 വര്ഷത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് ഇപ്പോള് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.
ചൈനീസ് നാഷണല് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള് പ്രകാരം 141.18 കോടിയാണ് 2022ലെ ജനസംഖ്യ.
2021ലെ കണക്കുകളില് നിന്ന് 8,50,000ത്തിന്റെ കുറവാണ് ജനസംഖ്യയില് രേഖപ്പെടുത്തിയിരിക്കുന്നത്. ചൈന മുമ്പ് നടപ്പാക്കിയിരുന്ന ഒറ്റക്കുട്ടി നയത്തിന്റെ പരിണിതഫലമായാണ് ഇതിനെ ലോകം കാണുന്നത്.
നയം തിരുത്തിയെങ്കിലും ഇതിനോടകം ഒറ്റക്കുട്ടി, അല്ലെങ്കില് കുട്ടികള് വേണ്ട എന്ന മാനസികാവസ്ഥയിലേക്ക് ചൈനീസ് യുവത്വം എത്തിയതായാണ് റിപ്പോര്ട്ടുകള് നല്കുന്ന സൂചന.
2021ല് 7.52 ആയിരുന്ന ജനനനിരക്കിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2022ല് 6.77 ആണ് ജനനനിരക്ക്. 1976ന് ശേഷം ആദ്യമായി മരണനിരക്ക് ജനനനിരക്കിനെ മറികടന്നു. 7.37 ആണ് 2022ലെ കണക്കുകള് പ്രകാരമുള്ള മരണനിരക്ക്. 7.18 ആയിരുന്നു 2021ലെ മരണനിരക്ക്.
ചൈനയുടെ ജനസംഖ്യാനിരക്കിലെ ഈ കുറവ് പ്രതീക്ഷിച്ചതിലും വേഗത്തില് ചൈനയെ മറികടക്കാന് ഇന്ത്യയെ സഹായിക്കുമെന്നാണ് വിലയിരുത്തല്.
2050ല് ചൈനയുടെ ജനസംഖ്യാനിരക്കില് 10.9 കോടിയുടെ കുറവുണ്ടാവുമെന്നാണ് കരുതുന്നത്. അതേസമയം, ജനസംഖ്യയിലെ കുറവ് ചൈനയുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തലുകളുണ്ട്.
ജനനിരക്ക് കുറയുകയും രാജ്യത്തെ ശരാശരി പ്രായം വര്ധിക്കുകയും ചെയ്യുന്നത് സാമ്പത്തിക വളര്ച്ചയുടെ വേഗം കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.