തിരുവനന്തപുരം: തകര്‍ച്ചയില്‍ നിന്നു തകര്‍ച്ചയിലേക്ക് കെഎസ്ആര്‍ടിസി കൂപ്പുകുത്തുമ്പോഴായിരുന്നു സിഎംഡിയായി ടോമിന്‍ തച്ചങ്കരിയുടെ രംഗപ്രവേശം. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ കൈമെയ് മറന്നു പോരാടിയ തച്ചങ്കരി സ്ഥാപനത്തെ സ്വന്തം വരുമാനത്തില്‍ നിന്നു ശമ്പളം കൊടുക്കാന്‍ വരെ പ്രാപ്തമാക്കി. എന്നാല്‍ കെഎസ്ആര്‍ടിസി നഷ്ടത്തിലായാലും തങ്ങളുടെ തോന്ന്യവാസം നടന്നാല്‍ മതിയെന്ന ഉറച്ച തീരുമാനവുമായി യൂണിയന്‍ നേതാക്കള്‍ മുന്നോട്ടു പോയതോടെ തച്ചങ്കരി പടിയ്ക്കു പുറത്തായി.
എന്നാല്‍ തച്ചങ്കരി പോയാലും കാര്യങ്ങളെല്ലാം സുഗമമായി പോകുമെന്നു വിചാരിച്ച യൂണിയന്‍കാര്‍ക്ക് ഇപ്പോള്‍ അമ്പേ പിഴച്ചിരിക്കുകയാണ്. കോര്‍പ്പറേഷന്റെ വരുമാനത്തില്‍ വലിയ ഇടിവാണ് ഉണ്ടായത്. ബസ് ഡേ ആചരിച്ചു സേവ് കെഎസ്ആര്‍ടിസി കാമ്പയിന്‍ നടത്തിയിട്ടും അതൊന്നും ഗുണകരമായി മാറാത്ത അവസ്ഥയിലാണ്. ബസ് ഡേ ആചരണം പരാജയപ്പെട്ടതോടെ കലക്ഷനില്‍ ഒന്നര കോടി രൂപയുടെ കുറവാണ് അനുഭവപ്പെട്ടത്.സിഐടിയു യൂണിയനായിരുന്നു ബസ്‌ഡേ ആചരണ ആഹ്വാനത്തിന് പിന്നില്‍. പ്രതിദിനം ഏഴുകോടി രൂപ വരുമാനം ലക്ഷ്യമിട്ടിട്ടുള്ളതായിരുന്നു ഈ പ്രചരണം. എന്നാല്‍ ഇന്നലെ ലഭിച്ച കലക്ഷന്‍ ആകട്ടെ വെറും 5.56 കോടി മാത്രമായിരുന്നു. ഒന്നര കോടിയുടെ കുറവ്. ടോമിന്‍ തച്ചങ്കരിയുടെ കാലത്ത് 2019 ജനുവരി ഏഴിന് 8.54 കോടി ആയിരുന്നു ഏറ്റവും മികച്ച കളക്ഷന്‍.
അന്നും നാലായിരത്തോളം എംപാനല്‍ ജീവനക്കാര്‍ പുറത്താക്കപ്പെടുകയും ആയിരത്തോളം ബസുകള്‍ സര്‍വീസ് നടത്താതിരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും മികച്ച മാനേജ്മന്റ് വൈഭവത്തോടെ റൂട്ടുകള്‍ ക്രമീകരിച്ച് യൂണിയനുകളുടെ പ്രത്യേക സഹായമൊന്നും ഇല്ലാതെ തന്നെ മികച്ച കളക്ഷന്‍ നേടിക്കൊണ്ടിരുന്നു. തച്ചങ്കരി പോയതിനു ശേഷം പ്രതിദിനം ശരാശരി ഇരുപതുലക്ഷം മുതല്‍ അമ്പതുലക്ഷം രൂപയുടെ വരുമാനക്കുറവ് ഉണ്ടാകുന്നുണ്ട്. അതായത്, പ്രതിമാസം പതിമൂന്നു കോടിയുടെ വരുമാന കുറവ്. ഈ കുറവ് സര്‍ക്കാറിന് മേല്‍ ആനവണ്ടി കൂടുതല്‍ ബാധ്യത ഉണ്ടാക്കുന്നതാകുമെന്നാണ് വിലയിരുത്തല്‍. എംപാനല്‍ ജീവനക്കാരുടെയും ബസുകളുടെയും അന്നത്തെ അതേനില തന്നെയാണ് ഇപ്പോഴും നിലവിലുള്ളത്.
കഴിഞ്ഞ ദിവസം ബസ് ഡേ ആചരിച്ചപ്പോള്‍ വരുമാനമായി ലഭിച്ചത് 5.56 കോടി രൂപയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച 6.05 കോടി കളക്ഷന്‍ കിട്ടിയിടത്താണ് ഈ കുറവ്. അതായത് ബസ് ഡേ ആചരിച്ചപ്പോള്‍ കഴിഞ്ഞയാഴ്ചത്തേക്കാള്‍ ഒരുകോടിയുടെ കുറവുണ്ടായതും ശ്രദ്ധേയമായി. തച്ചങ്കരി പോകുന്നതുവരെ ഒറ്റക്കെട്ടായി നിന്ന ട്രേഡ് യൂണിയനുകള്‍ ഇപ്പോള്‍ പരസ്പര പഴിചാരലിലൂടെ വിഘടിച്ചു നില്‍ക്കുകയാണ്. സിഐടിയുവിന്റെ ബസ് ഡേ ആചാരണത്തെ വിമര്‍ശിച്ച് ഐഎന്‍ടിയുസിയും രംഗത്തെത്തിയിരുന്നു. ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനത്തെ എതിര്‍ക്കുന്നതിനാല്‍ ഡ്രൈവേഴ്‌സ് യൂണിയനും സിഐടിയുവിനോട് എതിര്‍പ്പാണ്.
അടുത്ത മാസങ്ങളിലെ ശമ്പളം മുന്‍ എംഡി നല്‍കിയതുപോലെ കൃത്യമായി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ നേതാക്കള്‍ രാജിവെക്കണം എന്ന ആവശ്യവും തൊഴിലാളികള്‍ മനസ്സില്‍ കരുതുന്നുണ്ട്. ഇപ്പോള്‍ കോര്‍പ്പറേഷനില്‍ എല്ലാം കുത്തഴിഞ്ഞതു പോലെയാണ്. ഈ സാഹചര്യത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷ ആര്‍ക്കുമില്ല. അതേസമയം കോര്‍പ്പറേഷിനില്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞാല്‍ പുതിയ എംഡി എം പി ദിനേശും കര്‍ക്കശമായ നിലപാട് സ്വീകരിക്കുമെന്ന ഘട്ടമാണ് ഇപ്പോള്‍ ഉള്ളത്. കളക്ഷന്‍ കുറവ് മൂലമുള്ള സാമ്പത്തിക ബാധ്യതയും കണ്ടക്ടര്‍മാരുടെ കുറവ് മൂലം ബസ് ഓടിക്കാന്‍ കഴിയാത്തതുമാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിയെ അലട്ടുന്ന പ്രശ്‌നം.
കിലോമീറ്റര്‍ വരുമാനം കുറഞ്ഞ 718 ഓര്‍ഡിനറി ബസുകളാണ് ഇപ്പോള്‍ നിരത്തുകളില്‍ ഓടുന്നത്. രണ്ടു സ്‌പെല്ലിലായി രണ്ടു സിംഗിള്‍ ഡ്യൂട്ടികളായാണ് ഇവ ഓപ്പറേറ്റ് ചെയ്യുന്നത്. ഇതുകൂടാതെ കണ്ടക്ടറില്ലാതെ ഓടിക്കാന്‍ കഴിയാതെ കട്ടപ്പുറത്തിരിക്കുന്നത് 800 ബസുകളാണ്. ഇതുമൂലം യാത്രക്കാര്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. പോരാത്തതിന് വരുമാനം കുറഞ്ഞ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുമ്പോള്‍ ഡീസല്‍ ഇനത്തിലും മറ്റും വന്‍ സാമ്പത്തിക ബാധ്യതയും വരുത്തി വയ്ക്കുന്നു. ഇതിന് പരിഹാരമായാണ് വളരെ വരുമാനം കുറഞ്ഞ 500 ബസുകള്‍ പരമാവധി കളക്ഷന്‍ കിട്ടും വിധം സംസ്ഥാനത്തൊട്ടാകെ പുനര്‍വിന്യസിക്കുന്നത്. 12 മണിക്കൂര്‍ സ്‌പ്രെഡ് ഓവറില്‍ രണ്ടു സ്‌പെല്ലുകള്‍ ഉള്ള സിംഗിള്‍ ഡ്യൂട്ടികളായി ക്രമീകരിക്കുന്നതിന് മേഖലാ അധികാരികളെയും യൂണിറ്റ് അധികാരികളെയും ചുമതലപ്പെടുത്തി. സിംഗിള്‍ ഡ്യൂട്ടിയുടെ സ്പ്രഡ് ഓവര്‍ പരമാവധി 12 മണിക്കൂര്‍ വരെ ആയിരിക്കും.
യാത്രാക്ലേശം പരിഹരിക്കുന്നതിന് എട്ടുമണിക്കൂറില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കേണ്ടി വന്നാല്‍, അധികസമയത്തിന് ശമ്പളാടിസ്ഥാനത്തില്‍ അധികമണിക്കൂറിന് അധികവേതനം നല്‍കും. ദിവസ വേതനാടിസ്ഥാനത്തില്‍ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളത്തിന് ആനുപാതികമായ തുക മണിക്കൂറിന് കണക്കാക്കി അധികസമയത്തിന് നല്‍കും. ഓരോ യൂണിറ്റിലും ക്രമീകരിക്കേണ്ട ഷെഡ്യൂളുകളുടെ എണ്ണവും കെഎസ്ആര്‍ടിസി എംഡി പുറത്തിറക്കിയിട്ടുണ്ട്. കോര്‍പറേഷന്റെ കാര്യക്ഷമത കൂട്ടാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആര്‍.ചന്ദ്രബാബുവിനെ സ്‌പെഷ്യല്‍ ഓഫീസറായും നിയമിച്ച് എംഡി ഉത്തരവിറക്കി. കോര്‍പറേഷന്റെ ഷെഡ്യൂളുകളും , സര്‍വീസുകളും വരുമാനം കൂട്ടുന്ന വിധത്തിലും യാത്രക്കാര്‍ക്ക് പരമാവധി യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്ന തരത്തിലും പുനഃക്രമീകരിക്കുകയാണ് സ്‌പെഷ്യല്‍ ഓഫീസറുടെ ചുമതല. എന്നാല്‍ യൂണിയന്‍കാര്‍ ഇതിനോടു സഹകരിക്കുമോയെന്ന് കണ്ടറിയണം.