ഓർഡർ ചെയ്തതുമായി ഒരു ബന്ധവുമില്ലാത്ത സാധനങ്ങൾ കൈയിൽ കിട്ടുന്ന സംഭവങ്ങൾ ഇപ്പോൾ പതിവാണ്. കഴിഞ്ഞ ദിവസവും ഇത്തരത്തിലൊരു സംഭവം സോഷ്യൽ മീഡിയയിൽ റിപ്പോർട്ട് ചെയ്തിരുന്നു.
കൊളംബിയക്കാരിയായ സോഫിയ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണിൽ നിന്ന് ഒരു എയർ ഫ്രയർ ഓർഡർ ചെയ്തു. എന്നാൽ ലഭിച്ചതാകട്ടെ ജീവനുള്ള ഒരു പല്ലിയെയാണ്. ആമസോണ്‍ പാക്കറ്റിലുള്ള പല്ലിയുടെ ചിത്രം സോഫിയ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് കാരണമായി.
തന്റെ വീട്ടിലേക്ക് ഒരു എയർ ഫ്രയർ ഇവർ ഓർഡർ ചെയ്തിരുന്നു. എന്നാൽ പാഴ്സൽ വന്നപ്പോൾ ഉള്ളിൽ കണ്ട കാഴ്ച തന്നെ ഭയപ്പെടുത്തിയെന്ന് സോഫിയ പറയുന്നു. പല്ലിയുടെ ചിത്രം എക്സില്‍ പങ്കുവച്ചു കൊണ്ട് സോഫിയ ഇങ്ങനെ എഴുതി, ‘ഞങ്ങൾ ആമസോണിലൂടെ ഒരു എയർ ഫ്രയർ ഓർഡർ ചെയ്തു, അത് ഒരു കൂട്ടാളിയുമായി എത്തി. ഇത് ആമസോണിന്റെ തെറ്റാണോ അതോ കാരിയറിന്റെ തെറ്റാണോ എന്ന് എനിക്കറിയില്ല’.
പാക്കേജില്‍ ഉണ്ടായിരുന്നത് സാമാന്യം വലിയ ഒരു പല്ലിയായിരുന്നു. സ്പാനിഷ് റോക്ക് ലിസാർഡ് എന്ന പല്ലിയാണ് അത്. സോഫിയയുടെ കുറിപ്പ് ഇതിനകം 41 ലക്ഷം പേരാണ് കണ്ടത്. ‘പുതിയ ഭയം അൺലോക്ക് ചെയ്തു’ എന്നായിരുന്നു ഒരു കാഴ്ചക്കാരന് എഴുതിയത്.