രാവിലെ കണ്ണ് തുറക്കുമ്പോൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ കോടിക്കണക്കിന് രൂപ ക്രെഡിറ്റ് ആയതായി ഒരു മെസേജ് കണ്ടാലോ. പെട്ടെന്ന് ആവേശഭരിതരായേക്കാം, എന്നാൽ ഉടൻ തന്നെ ഇത് ഒരു തട്ടിപ്പാണെന്ന് മനസിലാക്കി ബാങ്കിനെ അറിയിക്കുക.
ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിൽ നിന്നുള്ള ഭാനു പ്രകാശ് തന്റെ അക്കൗണ്ടിലേക്ക് ഭീമമായ തുക ക്രെഡിറ്റ് ചെയ്യപ്പെട്ടത് കണ്ട് ആദ്യം ആശ്ചര്യപ്പെട്ടു. തന്റെ ബറോഡ യുപി ബാങ്ക് അക്കൗണ്ട് 99,99,94,95,999.99 രൂപ കാണിക്കുന്നത് കണ്ടപ്പോൾ ഭാനു പ്രകാശിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.
തുടർന്ന് സംഭവം ബാങ്ക് അധികൃതരെ അറിയിക്കുകയും സോഫ്റ്റ്വെയർ തകരാറാണെന്ന് മനസ്സിലാക്കുകയും ചെയ്തു. പിന്നാലെ ബാങ്കിന്റെ ബ്രാഞ്ച് മാനേജർ രോഹിത് ഗൗതം സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തി. പ്രശ്നം പരിഹരിക്കാനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അക്കൗണ്ട് ഉടമയോട് സംഭവിച്ച കാര്യത്തെ കുറിച്ച് അറിയിച്ച ഉദ്യോഗസ്ഥൻ, പ്രശ്നം പരിഹരിക്കുന്നത് വരെ ഈ അക്കൗണ്ട് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും ദുരുപയോഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അറിയിച്ചു.
കഴിഞ്ഞ വർഷം സമാനമായ കേസിൽ, ചെന്നൈയിൽ നിന്നുള്ള ഒരാൾക്ക് 753 കോടി രൂപ (753,48,35,179.48 രൂപ) അക്കൗണ്ടിൽ ലഭിച്ചു. അയാളുടെ സുഹൃത്ത് രണ്ടായിരം രൂപ അയച്ചതിന് പിന്നാലെയായിരുന്നു സംഭവം.