അന്നനാളത്തിനുള്ളിൽ കുടുങ്ങിയ സ്പൂണുമായി ഒരാൾ ജീവിച്ചത് ഒരു വർഷം. ചൈന സ്വദേശിയായ പേരുവെളുപ്പെടുത്താത്ത ഒരാളാണ് മദ്യപിച്ച് സുഹൃത്തുക്കളുമായി ബെറ്റ് വച്ച് സ്പൂണ്‍ വിഴുങ്ങിയത്. തനിക്ക് സ്പൂണ്‍ വിഴുങ്ങുവാനും അത് പോലെ തന്നെ തിരിച്ചെടുക്കുവാനും സാധിക്കുമെന്നായിരുന്നു അദ്ദേഹം വീമ്പ് പറഞ്ഞത്.
എന്നാൽ വിഴുങ്ങിയ എളുപ്പത്തിൽ ഈ സപൂണ്‍ തിരികെയെടുക്കുവാൻ അദ്ദേഹത്തിനു സാധിച്ചില്ല. ആശുപത്രിയിൽ പോകുവാൻ കൂട്ടാകാതിരുന്ന ഇദ്ദേഹം ഈ സ്പൂണുമായി ജീവിച്ചത് ഒരു വർഷമായിരുന്നു. അന്നനാളത്തിനുള്ളിൽ സ്പൂണ്‍ കുടുങ്ങിയിരിക്കുകയായിരുന്നുവെങ്കിലും ഭക്ഷണം കഴിക്കുവാനോ മറ്റു ബുദ്ധിമുട്ടുകളൊന്നും ഇദ്ദേഹത്തിനുണ്ടായിരുന്നില്ല.
എന്നാൽ കുറച്ചു നാളുകൾക്കു മുമ്പ് നെഞ്ചു വേദനയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയത്. എന്റെ അന്നനാളത്തിൽ കഴിഞ്ഞ ഒരു വർഷമായി സ്പൂണ്‍ കുടുങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞതു കേട്ട് ഡോക്ടർമാർ ഞെട്ടിപ്പോയി.
പിന്നീട് ദീർഘ നേരത്തെ പരിശ്രമത്തിനു ശേഷം അദ്ദേഹത്തിന്റെ അന്നനാളത്തിൽ നിന്നും വായയിൽ കൂടി സ്പൂണ്‍ തിരികെയെടുക്കുകയായിരുന്നു. അദ്ദേഹം സുഖംപ്രാപിക്കുകയാണെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.