humu
മറ്റത്തൂർ: വന്യജീവികൾ ജനവാസമേഖലയിലിറങ്ങുന്നതു മൂലം മലയോരമേഖലയിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കുന്നതിനായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി മറ്റത്തൂരിലെത്തി.
കോടാലിയിലുള്ള വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ ഉച്ചയോടെ എത്തിയ കമ്മീഷൻ അംഗം വന്യജീവികൾ കാടിറങ്ങുന്നതു പ്രതിരോധിക്കാൻ വനംവകുപ്പു സ്വീകരിച്ചിട്ടുള്ള നടപടികൾ സംബന്ധിച്ച് റേഞ്ച് ഓഫീസർ ജോബിൻ ജോസഫിനോടു ചോദിച്ചറിഞ്ഞു.
റേഞ്ച് ഓഫീസ് പരിസരത്തു കാത്തുനിന്നിരുന്ന കർഷകപ്രതിനിധികളുടേയും മലയോര കർഷക സംരക്ഷണ സമിതി പ്രവർത്തകരുടേയും അഭ്യർഥന മാനിച്ച് കാട്ടാന ശല്യമുള്ള പ്രദേശങ്ങൾ സന്ദർശിക്കാനും കമ്മീഷൻ അംഗം സമയം കണ്ടെത്തി.
മുപ്ലി, ഇഞ്ചക്കുണ്ട്, പരുന്തുപാറ, കൽക്കുഴി പ്രദേശങ്ങളാണ് കമ്മീഷൻ അംഗം സന്ദർശിച്ചത്. തുടർന്ന് മറ്റത്തൂർ പഞ്ചായത്ത് കൃഷിഭവൻ ഹാളിൽ ചേർന്ന യോഗത്തിൽ വന്യജീവികൾ മൂലം തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കർഷകരും തോട്ടം തൊഴിലാളികളും ജനപ്രതിനിധികളും കമ്മീഷനു മുന്നിൽ വിവരിച്ചു.
കാട്ടാനകളെ പ്രതിരോധിക്കാനായി ലക്ഷങ്ങൾ മുടക്കി വനംവകുപ്പു നിർമിച്ച സോളാർ വേലികൾ മെയിന്റനൻസില്ലാതെ പ്രവർത്തനരഹിതമായി കിടക്കുകയാണെന്നും കമ്മീഷനുമുന്നിൽ പരാതി ഉയർന്നു.
ജനവാസ മേഖലകളിൽ തന്പടിച്ചിട്ടുള്ള കാട്ടാനകളെ ചിമ്മിനി വനത്തിലേക്കു തുരത്താൻ നടപടി വേണമെന്നും ആവശ്യമുയർന്നു.
വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജോബിൻ ജോസഫ്, വരന്തരപ്പിള്ളി പഞ്ചായത്തംഗം റോസ് മേരി, മറ്റത്തൂർ പഞ്ചായത്തംഗങ്ങളായ എൻ.പി.അഭിലാഷ്, ചിത്ര സുരാജ്, ഹാരിസണ് പ്ലാന്റേഷൻ സീനിയർ മാനേജർ ബെന്നി മാത്യു എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വനം അധികൃതരുമായി ചർച്ചചെയ്ത് സാധ്യമായ നടപടികൾ സ്വീകരിക്കുമെന്നും മനുഷ്യാവകാശ കമീഷൻ അംഗം വി. കെ. ബീനാകുമാരി അറിയിച്ചു.
കമ്മീഷന്റെ സന്ദർശനം അറിയിക്കാത്തതിൽ പ്രതിഷേധം
മറ്റത്തൂർ: പുലി, കാട്ടാന എന്നിവയടക്കമുള്ള വന്യജീവികളുടെ ശല്യം കൂടുതലായി അനുഭവപ്പെടുന്ന കൊടുങ്ങ വാർഡിലെ ജനങ്ങളെ മനുഷ്യാവകാശ കമ്മീഷന്റെ സന്ദർശനം അറിയിക്കാതിരുന്നതിൽ പഞ്ചായത്തംഗം കെ.ആർ. ഔസേഫ് കമ്മീഷനോടു പ്രതിഷേധം അറിയിച്ചു.ജാഗ്രത സമിതി യോഗത്തിൽനിന്ന് ഔസേഫ് ഇറങ്ങിപ്പോയി.
കെ.കെ. രാമചന്ദ്രൻ എംഎൽഎയെ യോഗത്തെ ക്കുറിച്ച് അറിയിക്കാതിരുന്നതിൽ ജില്ല പഞ്ചായത്തംഗം സരിത രാജേഷും പ്രതിഷേധം അറിയിച്ചു. എംഎൽഎയെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഒരു മാസത്തിനകം വീണ്ടും യോഗം വിളിച്ചുചേർക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി മറുപടി പറഞ്ഞു.