കുഞ്ചന്‍നമ്പ്യാരുടെ കാലനില്ലാത്ത കാലം എന്ന കാവ്യം ഭാവനയില്‍ വിരിഞ്ഞ ഒന്നാണെങ്കിലും സമാനമായ അവസ്ഥയിലേക്കാണോ മനുഷ്യവംശത്തിന്റെ പോക്ക് എന്നു തോന്നിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
80 വര്‍ഷം കഴിയുമ്പോഴേക്കും മനുഷ്യന്റെ ശരാശരി വയസ്സ് 130 ആയി ഉയരുമെന്നാണ് ചില ഗവേഷകര്‍ പറയുന്നത്.
മാത്രമല്ല, ഭാഗ്യം ചെയ്തവര്‍ക്ക് 180 വയസ്സ് വരെ ജീവിക്കാനും കഴിയുമെന്ന് മോണ്‍ട്രിയലിലെ എച്ച് ഇ സിയിലുള്ള ഗവേഷകര്‍ പറയുന്നു.
അസിസ്റ്റന്റ് പ്രൊഫസറായ ലിയോ ബെല്‍സില്‍ പറയുന്നത് 2100-ാ0 ആണ്ടാകുമ്പോഴേക്കും ഏറ്റവും കൂടുതല്‍ കാലം ജീവിത്തിരുന്ന വ്യക്തിയുടെ റെക്കൊര്‍ഡ് തകര്‍ക്കപ്പെടുമെന്നാണ്.
1997-ല്‍ തന്റെ 122-ാ0 വയസ്സില്‍ മരണമടഞ്ഞ ഫ്രഞ്ച് വനിതയായ ഴോങ് കാല്‍മെന്റിനാണ് ഇപ്പോള്‍ ഏറ്റവും അധികകാലം ജീവിച്ചിരുന്ന വ്യക്തി എന്ന റെക്കോര്‍ഡുള്ളത്.
സത്യത്തില്‍ മനുഷ്യവംശത്തിന് ഏറ്റവും കൂടിയ ഒരു ആയുസ്സ് എന്നൊരു പരിധി ഇല്ലെന്നാണ് ലിയോ പറയുന്നത്.
ഇതുവരെ ജീവിച്ചിരുന്ന ഏതൊരു വ്യക്തിയുടെയും കാലാവധിക്കും അപ്പുറം മനുഷ്യര്‍ ജീവിച്ചിരിക്കും എന്നും അദ്ദേഹം പറയുന്നു.
കൂടുതല്‍ കൂടുതല്‍ ആളുകള്‍ നിലവിലെ ആയുസ്സ് പരിധിക്ക് അപ്പുറത്തേക്ക് ജീവിതം നീട്ടുന്നത് സമൂഹത്തില്‍ അതീവ സങ്കീര്‍ണ്ണത സൃഷ്ടിക്കുമെന്നും അദ്ദേഹം പറയുന്നു.
പ്രായമേറും തോറും ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സ ചെലവ് കുതിച്ചുയരുന്നതായിരിക്കും ഏറ്റവും വലിയ പ്രത്യാഘാതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സോഷ്യല്‍ കെയര്‍, പെന്‍ഷന്‍, മറ്റ് സാമൂഹിക സുരക്ഷാ പദ്ധതികള്‍ എന്നിവയും കനത്ത പ്രതിസന്ധി നേരിടും.
നികുതി കൊടുക്കുന്ന പൗരന്മാരേക്കാള്‍ കൂടുതല്‍ അവരുടെ നികുതി പണത്തെ ആശ്രയിച്ച് ജീവിക്കുന്ന ജനങ്ങളുടെ എണ്ണം വര്‍ദ്ധിക്കും, അദ്ദേഹം പറയുന്നു.
മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നമ്പ്യാരിന്റെ ഭാവനയില്‍ വിരിഞ്ഞ കഷ്ടപ്പാടുകളും ഇവിടമാകെ നടമാടുമെന്നാണ് ഇപ്പോള്‍ ശാസ്ത്രം പറയുന്നത്.
പാര്‍പ്പിടക്ഷാമവും ഭക്ഷ്യക്ഷാമവുമെല്ലാം വര്‍ദ്ധിക്കും. ചികിത്സാ ചെലവുകള്‍ അസാധാരണമാം വിധം വര്‍ദ്ധിക്കും.
പല സന്ദര്‍ഭങ്ങളിലായി പല അവയവങ്ങളും മാറ്റിവെയ്‌ക്കേണ്ടതായി വരും. എന്നാല്‍ അത് സാധ്യമാവുകയും ചെയ്യും.
ഒരു പഴയ കാര്‍ കേടുപാടുകള്‍ തീര്‍ത്ത് ഓടിച്ചു നടക്കുന്നതുപോലെയാകും മനുഷ്യ ജീവിതമെന്നാണ് പ്രൊഫസര്‍ എയ്‌ലീന്‍ ക്രിമ്മിന്‍സ് പറയുന്നത്.
ദീര്‍ഘായുസ്സുമായി ബന്ധപ്പെട്ട ഒരു അന്താരാഷ്ട്ര വിവരസമാഹാരത്തില്‍ പറയുന്നത്. 50 വയസ്സു കഴിയുമ്പോള്‍ മരണ സാദ്ധ്യത വര്‍ധിച്ചു വരുന്നു എന്നാണ്.
എന്നാല്‍ ഇത് 80 വയസ്സായും പിന്നീട് 110 വയസ്സായും വര്‍ദ്ധിക്കുമെന്നും വിദഗ്ദര്‍ പറയുന്നു. ഒരു വ്യക്തി 110 വയസ്സാകുമ്പോള്‍ അടുത്ത വര്‍ഷം മരണമടയാനുള്ള സാദ്ധ്യത 50 ശതമാനമായി മാറും.