തൃശൂർ: പുതുക്കാട് പോലീസ് സ്റ്റേഷനിൽ വെൽഡിംഗ് ജോലിക്കിടയിലുണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ബധിരനും മൂകനുമായ യുവാവിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. തൃശൂർ ചിറ്റിലപ്പിള്ളി പൂലോത്തുവളപ്പിൽ ശോഭന രാമചന്ദ്രന്റെ മകൻ പ്രേംകുമാറിന് ധനസഹായം നൽകണമെന്നാണ് കമ്മീഷൻ അംഗം കെ. മോഹൻകുമാറിന്റെ ഉത്തരവ്.
പ്രേംകുമാറിന്റെ ചികിത്സക്കുവേണ്ടി ഇതിനകം ആറുലക്ഷത്തിലേറെ രൂപ ചെലവായതായി അമ്മ സമർപ്പിച്ച പരാതിയിൽ പറയുന്നു.2017 ജൂലൈ 12ന് പുതുക്കാട് പോലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതലുകൾ സുരക്ഷിതമാക്കുന്നതിന് മറയുണ്ടാക്കുന്ന ജോലിക്കിടയിലാണ് തീപ്പൊരിവീണ് ഉഗ്രസ്ഫോടനമുണ്ടായത്.
ശരീരമാസകലം പൊള്ളലേറ്റ പ്രേംകുമാർ ആശുപത്രിയിൽ ചികിത്സയിലാണ്. 25,000 രൂപ മാത്രമാണ് പോലീസുകാർ നൽകിയത്. സംഭവത്തിൽ വെൽഡിംഗ് കരാറുകാരനെതിരെ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതായി പോലീസ് കമ്മീഷനെ അറിയിച്ചു.പ്രേംകുമാറിന് സഹായം നൽകണമെന്ന ശിപാർശ സർക്കാരിന് അയച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു.
ഭിന്നശേഷിക്കാരനായ യുവാവിന് സ്റ്റേഷനിൽ സ്ഫോടനമുണ്ടായി പരിക്കേറ്റതിൽ നിയമപരവും ധാർമികവുമായ ഉത്തരവാദിത്വം പോലീസിനുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പ്രേംകുമാറിന് മെച്ചപ്പെട്ട ചികിത്സ ലഭിക്കണം. ഭിന്നശേഷിക്കാരനായ വ്യക്തിക്ക് പോലീസിൽനിന്ന് ലഭിക്കേണ്ട പരിരക്ഷ ലഭ്യമാകാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഉത്തരവ് ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും തൃശൂർ ജില്ലാ കളക്ടർക്കും തൃശൂർ മേഖലാ ഐജിക്കും അയച്ചു.