പാലക്കാട്: ആദിവാസികളും മനുഷ്യരാണെന്നും മനുഷ്യാവകാശങ്ങൾ അവരുടെയും അവകാശങ്ങൾ കൂടിയാണെന്നും സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി മനുഷ്യാ വകാശ ദിനത്തിൽ കേരള വനിതാ കമ്മീഷൻ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.
അട്ടപ്പാടിയിലെ ആദിവാസി ഉൗരുകളിൽ സ്ത്രീ-പുരുഷന്മാരെയും കുട്ടികളെയും നേരിൽക്കണ്ട് അവരുടെ പ്രശ്നങ്ങൾ ആരായും. വിവിധ നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തും.
പട്ടികവർഗ പ്രൊമോട്ടർമാർ, ആശാവർക്കർമാർ, അങ്കണവാടി അധ്യാപികമാർ, ജാഗ്രതാസമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനു ജാഗ്രതാ സമിതിയുടെ പ്രാധാന്യത്തെക്കുറിച്ചും ബോധവത്കരണം നടത്തും.
ഇന്ന് കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി. സതീദേവി, അംഗങ്ങളായ അഡ്വ.എം.എസ്. താര, അഡ്വ. ഷിജി ശിവജി, ഷാഹിദാ കമാൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ എന്നിവരുടെ നേതൃത്വത്തിൽ ഉൗരുകൾ സന്ദർശിക്കും.
മനുഷ്യാവകാശ ദിനമായ നാളെ രാവിലെ 10.30 മുതൽ അട്ടപ്പാടി കില പ്രാദേശിക കേന്ദ്രം ഹാളിൽ നടക്കുന്ന ബോധവത്കരണ പരിപാടികളുടെ ഉദ്ഘാടനം വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി. സതീദേവി നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കമ്മീഷൻ അംഗങ്ങളായ അഡ്വ. എം.എസ്. താര, ഷാഹിദാ കമാൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് പി.സി. നീതു, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക, ഷോളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂർത്തി, പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനിൽകുമാർ, കേരള വനിതാ കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.
ഐറ്റിഡിപി പ്രൊജക്ട് ഓഫീസർ ബോധവത്കരണ ക്ലാസെടുക്കും. കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി സ്വാഗതവും പബ്ലിക് റിലേഷൻസ് ഓഫീസർ ശ്രീകാന്ത് എം. ഗിരിനാഥ് നന്ദിയും പറയും.
നിയമസഭാ സമിതി 14ന് സന്ദർശിക്കും
പാലക്കാട് : കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി 14ന് രാവിലെ 10ന് അട്ടപ്പാടി ആദിവാസി ഉൗരുകളിലെ ശിശുമരണം നടന്ന വീടുകൾ സന്ദർശിക്കും.
തുടർന്ന് ഉച്ചയ്ക്ക് രണ്ടിന് കില ഓഡിറ്റോറിയത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥരുമായി യോഗം ചേരും.തുടർന്ന് പൊതുജനങ്ങൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവരിൽനിന്നും പരാതികൾ സ്വീകരിക്കും.
സമിതി മുന്പാകെ പരാതി നൽകാൻ താല്പര്യമുള്ള വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും യോഗത്തിലെത്തി പരാതി രേഖാമൂലം സമർപ്പിക്കാമെന്ന് സെക്രട്ടറി ഇൻ ചാർജ് അറിയിച്ചു.