തൃശൂർ: നഗരസഭകളിലും താലൂക്ക് ആസ്ഥാനങ്ങളിലും ജനസംഖ്യാനുപാതികമായി മൃതദേഹ സംസ്കാരത്തിനുള്ള ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. അനാഥരുടെയും ഭൂരഹിതരുടെയും പരിമിത ഭൂമിയുള്ളവരുടെയും സംസ്കാരം മനുഷ്യോചിതമായി നിറവേറ്റാൻ മലയാളികൾക്കു കഴിയണമെന്നും കമ്മീഷൻ അംഗം കെ.മോഹൻകുമാർ.
സംസ്ഥാന വ്യാപകമായി ഉയർന്നുവരുന്ന ഇത്തരം സാഹചര്യം അതിവേഗം പരിഹരിക്കപ്പെടേണ്ടതാണെന്നും ഉത്തരവിൽ പറഞ്ഞു. തദ്ദേശ സ്വയംഭരണ, റവന്യൂ വകുപ്പുകൾ ഇതിനായി പ്രത്യേക നടപടികൾ കൈക്കൊള്ളണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.അടുക്കളപൊളിച്ചും ചുമരിടിച്ചും കിണറിനു സമീപവും മൃതശരീരം അടക്കം ചെയ്യേണ്ടിവരുന്നതു നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും.
പൊതുശ്മശാനങ്ങളുടെ അഭാവം സാംസ്കാരത്തകർച്ചയുടെയും ഭരണാധികാരികളുടെ ദൂരക്കാഴ്ചയില്ലായ്മയുടെയും കെടുകാര്യസ്ഥതതയുടെയും ഉദാഹരണമാണെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ഭൂരഹിതരും ലക്ഷം വീട് കോളനികളിലെ താമസക്കാരും മരിച്ചാൽ അനാഥശവങ്ങളായി ആറടി മണ്ണിനുവേണ്ടി കാത്തുകിടക്കുന്ന സാഹചര്യം ഒഴിവാക്കണം. മരിച്ചവർക്കും മനുഷ്യാവകാശമുണ്ടെന്ന കാര്യം മറക്കരുത്.
പരിമിത സൗകര്യങ്ങളുമായി ജീവിച്ചുപോകാൻ വിധിക്കപ്പെട്ട അതിദുർബല ജനവിഭാഗങ്ങളുടെ മനുഷ്യാവകാശ പ്രശ്നമോ പൊതുജനാരോഗ്യ പ്രശ്നമോ കണക്കിലെടുക്കപ്പെടാത്തത് ദുഃഖകരമാണെന്നും കമ്മീഷൻ പറഞ്ഞു. യുദ്ധത്തിൽ കൊല്ലപ്പെടുന്ന എതിരാളിയുടെ ശവശരീരങ്ങൾ പോലും സമുചിതമായി സംസ്കരിച്ച നാടാണു നമ്മുടേതെന്നും ഉത്തരവിൽ പറഞ്ഞു. സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണു നടപടി.