പാലക്കാട് : യൂസർ റൈറ്റ് നിയമപ്രകാരം അർഹതപ്പെട്ടവർക്ക് ഉപയോഗസ്വാതന്ത്ര്യം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം കെ.മോഹൻകുമാർ പറഞ്ഞു. ജില്ലയിലെ വാളയാർ വട്ടപ്പാറ ആറ്റുപ്പതി ഹരിജൻ കോളനി വാസികൾ വനപ്രദേശത്ത് കൂടിയുള്ള 800 മീറ്റർ നടപ്പാത ഉപയോഗ യോഗ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള പരാതി പരിശോധിക്കവെയാണ് കമ്മീഷൻ പ്രതികരിച്ചത്.
നിലവിൽ കോളനിവാസികൾ റോഡ് ഉപയോഗിക്കുന്നുണ്ട്. വനംവകുപ്പിൻറെ അനുമതിയോടെ റോഡ് നിർമ്മാണം നടത്തുന്നവർ യൂസർ ഏജൻസിയായി ഓണ്ലൈൻ അപേക്ഷ നൽകിയാൽ കാലതാമസമില്ലാതെ നടപടി സ്വീകരിക്കുമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു. അദാലത്തിൽ വനംവകുപ്പ് നടപടികൾ പൂർത്തീകരിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടു.
ആലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരതാമസക്കാരിയായ കമലത്തിൻറെ വീട് ആക്രമിച്ച കേസിൽ ആലത്തൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ എടുത്ത നടപടി സംബന്ധിച്ച് ഡി.വൈ.എസ് പിയോട് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
അഗളി പഞ്ചായത്തിലെ നെല്ലിപ്പതി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായതിനെ തുടർന്ന് നടപടികൾ സ്വീകരിക്കുന്നതിൽ മണ്ണാർക്കാട് ഫോറസ്റ്റ് ഓഫീസറോട് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇന്ദിരാഗാന്ധി വാർദ്ധക്യകാല പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച് കമ്മീഷന് ലഭിച്ച പരാതിയിൽ പരാതിക്കാരൻറെ അപേക്ഷയുടെ മുൻകാലപ്രാബല്യം കണക്കാക്കി പരിശോധിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.
ഒറ്റപ്പാലം പരിധിയിലെ സ്വകാര്യവ്യക്തിയുടെ ഭൂമിയുടെ നികുതി കൈപ്പറ്റുന്നില്ലെന്ന പരാതിയിൽ കമ്മീഷൻ ഒറ്റപ്പാലം തഹസിൽദാരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. റവന്യു റിക്കവറി സംബന്ധമായ പരാതികൾ സമയബന്ധിതമായി പരിഗണിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. പാലക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന അദാലത്തിൽ പുതിയ നാലെണ്ണം ഉൾപ്പെടെ 39 പരാതികളാണ് പരിഗണിച്ചത് .ഇതിൽ 11 എണ്ണം തീർപ്പായി.