തൃശൂർ: പൊള്ളലേറ്റു മരിച്ച യുവതിയുടെ മരണമൊഴി തിരുത്തിയെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മരിച്ച യുവതിയുടെ അമ്മ നൽകിയ പരാതിയെതുടർന്നാണ് കമ്മീഷൻ കേസെടുത്തത്.
സംസ്ഥാന വനിതാ കമ്മീഷൻ സംഭവത്തെക്കുറിച്ച് തൃശൂർ റൂറൽ എസ്പിയോട് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം നൽകി. ഇതോടെ മരണമൊഴി തിരുത്തിയെന്ന പരാതി പോലീസിന് അഴിയാക്കുരുക്കായി.
ദേശമംഗലം സ്വദേശി സാജുവിന്റെ ഭാര്യ റിനി(24)യുടെ മരണമൊഴിയാണ് വിവാദമായിരിക്കുന്നത്. ഭർതൃപീഡനം മൂലം ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്നാണ്് റിനിയുടെ മരണമൊഴിയായി പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാൽ ഭർതൃമാതാവ് തന്റെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന റിനിയുടെ ദൃശ്യങ്ങൾ സഹിതമുള്ള മൊഴി, റിനിയുടെ വീട്ടുകാർ ഹാജരാക്കിയതോടെയാണ് മരണമൊഴിയിൽ പോലീസ് തിരുത്തൽ വരുത്തിയെന്ന പരാതി ഉയർന്നത്.
റിനിയുടെ മരണമൊഴി പോലീസ് എഫ്ഐആറിൽ തെറ്റായി രേഖപ്പെടുത്തിയെന്നാണ് ആരോപണം. കഴിഞ്ഞ മാർച്ച് അഞ്ചിനാണ് ദേശമംഗലം സ്വദേശി സാജുവിന്റെ ഭാര്യ റിനി(24)യെ ശരീരമാസകലം പൊള്ളലേറ്റ നിലയിൽ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ മാർച്ച് 18നു റിനി മരിച്ചു.
ഭർതൃപീഡനത്തെതുടർന്നുള്ള ആത്മഹത്യ എന്ന രീതിയിലാണ് പോലീസ് എഫ്ഐആർ തയാറാക്കി മരണമൊഴി രേഖപ്പെടുത്തിയത്. എന്നാൽ റിനിയുടെ മാതാപിതാക്കൾ മരണമൊഴിയടങ്ങിയ വീഡിയോ ദൃശ്യങ്ങളുമായി തിരുവനന്തപുരത്തുനിന്നും ചെറുതുരുത്തിയിൽ എത്തിയതോടെ കഥമാറി.
ആശുപത്രിക്കിടക്കയിൽ വച്ച് ബോധം വന്ന റിനി അമ്മയോടു പറഞ്ഞത് താൻ വീട്ടിലെ അടുക്കളയിൽ പ്രഭാതഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ ഭർത്തൃമാതാവ് പിറകിലൂടെ വന്ന് ദേഹത്തു മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ്. ഇവർ മകളുടെ മൊഴി മൊബൈലിൽ റിക്കാർഡു ചെയ്തതുവച്ചിരുന്നു. ഈ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസ് വെട്ടിലായത്.
തന്നെ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് പറയുന്ന റിനിയുടെ ദൃശ്യങ്ങൾ സഹിതമാണ് അമ്മ റൂബി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു പരാതി നൽകിയത്. മരണമൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇപ്പോൾ ഭർത്താവിനും അമ്മയ്ക്കും സഹോദരിക്കും എതിരേ ആത്മഹത്യാ പ്രേരണയ്ക്കു മാത്രമാണ് കേസെടുത്തിരിക്കുന്നത്.
കൊലപാതകമാണെന്ന മരണമൊഴിയുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് റിനിയുടെ കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. പോലീസിനെതിരെ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
തിരുവനന്തപുരം സ്വദേശിനിയായ റിനി ദേശമംഗലം സ്വദേശിയായ സാജുവിന്റെ കൂടെ വീട്ടിൽനിന്നും ഇറങ്ങിപ്പോന്നതാണ്. പിന്നീട് റിനി വീട്ടുകാരുമായി ബന്ധപ്പെടാൻ തുടങ്ങിയതോടെ സാജു സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നു മാതാപിതാക്കൾ പറഞ്ഞു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫ്രാൻസിസ് ഷെൽബിക്കാണ് കേസിന്റെ അന്വേഷണച്ചുമതല.