ക്വലാലംപുർ: ഇന്ത്യയിൽനിന്നു വലിയതോതിൽ കുടിയേറ്റം നടന്നിട്ടുള്ള രാജ്യമാണ് മലേഷ്യ. ഇന്ത്യയുടെ കിഴക്കന്‍ തീരത്തുനിന്നു മലേഷ്യയിലേക്ക് കപ്പലോടിച്ച രാജാക്കന്മാരുണ്ടായിരുന്നു.
ഇവരിൽ ചിലർ പിന്നീട് അവിടെ രാജാവുമായി. 10,000 വർഷം മുൻപുവരെ മലേഷ്യയില്‍ മനുഷ്യവാസം ഉണ്ടായിരുന്നുവെന്നതിനു നേരത്തെ തെളിവുകൾ ലഭിച്ചിരുന്നു.
എന്നാല്‍ പുതിയ കണ്ടെത്തലുകൾ പ്രകാരം 14,000 വര്‍ഷം മുമ്പേ മലേഷ്യയില്‍ മനുഷ്യവാസമുണ്ടായിരുവെന്നു തെളിഞ്ഞിരിക്കുകയാണ്.
കെലന്തലെ നെംഗ്ഗിരി താഴ്വരയിലെ ഗുവാ കെലെഡുങ് കെസില്‍ പ്രദേശത്ത് നടത്തിയ ഖനനത്തിനിടെയാണ് ഇത്രയും പഴക്കമുള്ള മനുഷ്യജീവിതത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്.
നിരവധി വസ്തുക്കളോടൊപ്പം ഒരു മനുഷ്യന്റെ അസ്ഥികൂടവും പ്രദേശത്തുനിന്നു ലഭിച്ചു. കാര്‍ബണ്‍ ഡേറ്റിംഗിലൂടെയാണ് ഇതിന്റെ പഴക്കം നിശ്ചയിച്ചത്.
പ്രഫ. സുലിസ്കന്ദർ രാംലിയുടെ നേതൃത്വത്തില്‍ കെബാങ്സാൻ മലേഷ്യ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.
പ്രദേശത്തുനിന്നു വിവിധ കല്ലായുധങ്ങളും ഭക്ഷണാവശിഷ്ടങ്ങളും മൃഗത്തിന്റെ എല്ലുകളും ലഭിച്ചിട്ടുണ്ടെന്നു രാംലി പറഞ്ഞു.