തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടം കാമ്പസിനുള്ളിൽ കണ്ടെത്തിയ മനുഷ്യന്റെ അസ്ഥികൂടം പുറത്തെടുത്തു. 20 അടി താഴ്ചയുള്ള പഴയ വാട്ടര്‍ ടാങ്കിനുള്ളില്‍ പോലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ഇറങ്ങിയാണ് അസ്ഥികൂടം പുറത്തെടുത്തത്. പരിശോധനയ്ക്കായി ഫോറന്‍സിക് വിദഗ്ധരും ടാങ്കിനുളില്‍ ഇറങ്ങി.
ഇന്നലെയാണ് കാമ്പസിന്റെ ബോട്ടണി ഡിപ്പാർട്ട്മെന്റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയത്. കാമ്പസിലെ ജീവനക്കാർ പ്രദേശം ശുചീകരിക്കാനെത്തിയപ്പോഴാണ് വാട്ടർ ടാങ്കിന്റെ മാൻഹോൾ വഴി അസ്ഥികൂടം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടം പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധിച്ചിരുന്നു.
തുടർന്ന് ഫോറൻസിക്ക് സംഘവും അഗ്നിരക്ഷാസേനാംഗങ്ങളും പോലീസും ഇന്ന് രാവിലെ സ്ഥലത്തെത്തി അസ്ഥികൂടം പുറത്തെടുക്കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു. കുറെ നാളായി ടാങ്ക് തുറക്കാത്തതിനാല്‍ തന്നെ ഇതിനുള്ള മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവത്തിൽ ആളുകളെ കാണാതായതുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിലുള്ള പരാതികള്‍ ഉള്‍പ്പെടെ പരിശോധിക്കും. അസ്ഥികൂടം ആരുടേതാണെന്ന കാര്യം ഉള്‍പ്പെടെ പരിശോധിക്കാനും ദുരൂഹത നീക്കാനും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.