വൈക്കം: വൈക്കം ചെമ്മനത്തുകരയിൽ മൽസ്യക്കുളത്തിനായി കുഴിച്ചപ്പോൾ ലഭിച്ച തലയോട്ടിയും അസ്ഥികളും വിദഗ്ധ പരിശോധനയ്ക്കായി ഇന്ന് ഫോറൻസിക് ലാബിലെത്തിക്കും.
സംഭവത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് രാസപരിശോധനാ ഫലം ഉടൻ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. 40 നും 50 നും ഇടയിൽ പ്രായമുള്ള പുരുഷന്റേതാണ് മൃതദേഹ അവശിഷ്ടമെന്നാണ് ഫോറൻസിക് സർജന്റെ പ്രാഥമിക നിഗമനം.
രണ്ടു വർഷത്തിനും പത്തു വർഷത്തിനുമിടയിൽ പഴക്കം തോന്നിക്കുന്നതാണ് മൃതദേഹാവശിഷ്ടങ്ങളെന്നുകൂടി പോസ്റ്റ്മോമോർട്ടത്തിൽ സൂചന ലഭിച്ചതോടെ ചെമ്മനത്തുകരയ്ക്കു പുറമേ സമീപ സ്ഥലങ്ങളേിലേക്കു കൂടി അന്വേഷണം വ്യാപിപ്പിച്ചു.
ഫോറൻസിക് പരിശോധനാ ഫലം ലഭിച്ചു കഴിഞ്ഞ് അന്വേഷണം പുരോഗമിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.ചെമ്മനത്തുകരയിൽ കരിയാറിന്റെ തീരത്ത് മടൽ കുഴിയിൽ അഞ്ചടി താഴ്ചയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
റോഡു മാർഗവും ജലമാർഗവും എത്തിച്ചേരാവുന്ന വിജനമായ സ്ഥലത്ത് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിൽ കൊലപാതക സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.വൈക്കം ഡിവൈഎസ്പി എ.ജെ.തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.