ആലപ്പുഴ: കല്ലുപാലത്തിന് സമീപം പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ഇന്നു നടക്കുന്ന ശാസ്ത്രീയ പരിശോധനക്കു ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്ന് പോലീസ്.
രണ്ട് തലയോടുകളുടെയും കൈകളുടെയും വാരിയെല്ലിന്റെയും ഭാഗങ്ങളാണ് കണ്ടെത്തിയത്. വർഷങ്ങൾ പഴക്കമുള്ള അസ്ഥികൾ ദ്രവിച്ചുതുടങ്ങിയ അവസ്ഥയിലുമാണ്.
അസ്ഥികളിൽ അടയാളപ്പെടുത്തലുകൾ ഉള്ളതിനാൽ വൈദ്യപഠനാവശ്യത്തിനായി ഡോക്ടർമാർ ഉപയോഗിച്ചതാണെന്നാണ് സംശയം . ശാസ്ത്രീയ പരിശോധനകൾക്കു ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ.
പ്രാഥമിക നിഗമനത്തിൽ ദുരുഹത ഇല്ലെങ്കിലും പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
അന്നൊരു ഡോക്ടർ…
എട്ടുവർഷം മുമ്പ് ഡോക്ടർ അടക്കമുള്ളവർ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടമാണിത്. തലയോട്ടികൾ രണ്ടായി മുറിച്ച നിലയിലുള്ളവയാണ്. വാരിയെല്ലിന്റെയും അസ്ഥിയുടെയും ഭാഗങ്ങളിൽ അടയാളപ്പെടുത്തിയിട്ടുമുണ്ട്.
ആൾത്താമസമില്ലാത്ത വീടിന് വർഷങ്ങളുടെ പഴക്കമുണ്ട്.കാടുപിടിച്ച സ്ഥലത്ത് ഇഴജന്തുക്കളുടെ ശല്യമുള്ളതായി സമീപവാസികളുടെ പരാതി പെട്ടതിനെ തുടർന്ന് ഇന്നലെ രാവിലെ സ്ഥലം ഉടമ ജെസിബി ഉപയോഗിച്ച് കാട് നീക്കം ചെയ്യൽ ജോലി തുടങ്ങി.
വീടിന് സമീപത്ത് ജീർണാവസ്ഥയിലായ വിറക് പുര പൊളിക്കുന്നതിനിടെയാണ് പ്ളാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ
സ്ഥികൂടങ്ങൾ കണ്ടെത്തിയത്.വിഐപി വീട്!
ചലച്ചിത്ര താരങ്ങളായിരുന്ന ലളിത, പത്മിനി, രാഗിണി സഹോദരിമാർ പണ്ട് താമസിച്ചിരുന്ന വീടാണിത്. സത്യസായി ബാബയും ഇവിടെ വന്നിട്ടുള്ളതായി പറയുന്നു.
സർക്കാർ -സ്വകാര്യ ഓഫീസുകളും ഇവിടെ പ്രവർത്തിച്ചിരുന്നു. ഒരു ഡോക്ടർ ഏറക്കാലം ഇവിടെ താമസിച്ചിരുന്നു. മുൻകാല കെട്ടിട ഉടമകളുടെയും വാടകയ്ക്ക് താമസിച്ചവർ അടക്കമുള്ളവരുടെയും വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട് എന്നാണു സൂചന.