കൊച്ചി: കുവൈറ്റിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ കേസ് എൻഐഎ ഏറ്റെടുത്തേക്കും. ഇതിന്റെ ഭാഗമായുള്ള പ്രാഥമിക അന്വേഷണമെന്ന നിലയിൽ മനുഷ്യക്കടത്ത് റാക്കറ്റിന്റെ തടങ്കലിൽനിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയ പശ്ചിമകൊച്ചി സ്വദേശിനിയുടെ മൊഴി കഴിഞ്ഞ ദിവസം എൻഐഎ രേഖപ്പെടുത്തിയിരുന്നു.
ഇപ്പോൾ കേസിൽ അന്വേഷണം നടത്തുന്നത് സംസ്ഥാന പോലീസാണ്. പിടിയിലാകാനുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി കണ്ണൂർ തളിപ്പറന്പ് സ്വദേശി മജീദ്, ഇയാളുടെ ഏജന്റും കൂട്ടുപ്രതിയുമായ എറണാകുളം സ്വദേശി അജുമോൻ എന്നിവർ ഒളിവിലാണ്.
ഇന്നലെ അജുമോന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തുകയുണ്ടായി. എന്നാൽ ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. അതേസമയം പശ്ചിമകൊച്ചി സ്വദേശിനിയുടെ പരാതിയിൽ എറണാകുളം സൗത്ത് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത സമയം മനുഷ്യക്കടത്ത് കുറ്റങ്ങൾക്കുള്ള വകുപ്പായ ഐപിസി 370 ചുമത്തിയിരുന്നില്ല.
പ്രതികൾ മുന്പ് മനുഷ്യക്കടത്ത് നടത്തിയിട്ടുണ്ടോയെന്ന് വിശദമായി അന്വേഷണം നടത്തിവരുകയാണെന്നും കുറ്റകൃത്യം കണ്ടെത്തിയാൽ ഐപിസി 370 വകുപ്പ് ചുമത്തുമെന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.
കുട്ടികളെ പരിചരിക്കുന്ന ജോലി വാഗ്ദാനം ചെയ്താണ് യുവതികളെ വിസിറ്റിംഗ് വിസയിൽ കുവൈറ്റിൽ എത്തിച്ചിരുന്നത്. ഇവരെ കുവൈറ്റിൽ എത്തിക്കേണ്ട ചുമതലയാണ് കമ്മീഷൻ അടിസ്ഥാനത്തിൽ അജുമോൻ ചെയ്തിരുന്നത്.
അവിടെയെത്തുന്ന യുവതികൾക്ക് മാസം 60,000 രൂപയാണ് ശന്പളം വാഗ്ദാനം ചെയ്തിരുന്നത്. പരാതിക്കാരിക്കൊപ്പം രക്ഷപ്പെട്ട് നാട്ടിലെത്തിയ മറ്റു രണ്ടു യുവതികൾ റാക്കറ്റിന്റെ ഭീഷണി ഭയന്നു പരാതി നൽകിയിട്ടില്ല.