കൊച്ചി: കുവൈറ്റിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി പത്തനംതിട്ട അജു ഭവനിൽ അജുമോനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി എറണാകുളം സൗത്ത് പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും.
ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷമാകും കേസിൽ കൂടുതൽ നടപടികൾ ഉണ്ടാകുക. ഇയാളിൽനിന്ന് നിർണായ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന മുഖ്യ ആസൂത്രകൻ കണ്ണൂർ തളിപ്പറന്പ് സ്വദേശി മജീദിനെ കണ്ടെത്തുന്നതിനും അജുമോൻ നൽകുന്ന വിവരങ്ങൾ നിർണായകമാകും.
അജുമോൻ ശനിയാഴ്ചയാണ് സാന്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന എറണാകുളം എസിജഐം കോടതിയിൽ ഹാജരായത്. അതേസമയം ഈ കേസിൽ മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തിയതോടെ അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും.
പശ്ചിമകൊച്ചി സ്വദേശിനിയുടെ പരാതിയിൽ നേരത്തെ പോലീസ് മനുഷ്യക്കടത്ത് കുറ്റങ്ങൾക്കുള്ള വകുപ്പായ ഐപിസി 370 ചുമത്തിയിരുന്നില്ല. എൻഐഎ അജുമോന്റെ മൊഴി രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്. പ
രാതിക്കാരിയുടെ മൊഴി കഴിഞ്ഞ ദിവസം എൻഐഎ രേഖപ്പെടുത്തിയിരുന്നു. കുട്ടികളെ പരിചരിക്കുന്ന ജോലി വാഗ്ദാനം ചെയ്താണ് യുവതികളെ വിസിറ്റിംഗ് വിസയിൽ ഷാർജയിൽ എത്തിച്ചിരുന്നത്.
ഇവരെ ഷാർജയിൽ എത്തിക്കേണ്ട ചുമതലയാണ് കമ്മീഷൻ അടിസ്ഥാനത്തിൽ അജുമോൻ ചെയ്തിരുന്നത്. അവിടെയെത്തുന്ന യുവതികൾക്ക് മാസം 60,000 രൂപയാണ് ശന്പളം വാഗ്ദാനം ചെയ്തിരുന്നത്.
പരാതിക്കാരിക്കൊപ്പം രക്ഷപ്പെട്ട് നാട്ടിലെത്തിയ മറ്റു രണ്ടു യുവതികൾ റാക്കറ്റിന്റെ ഭീഷണി ഭയന്നു പരാതി നൽകിയിട്ടില്ല.