കൊച്ചി: കുവൈറ്റ് മനുഷ്യക്കടത്ത് കേസിൽ മുഖ്യപ്രതി കണ്ണൂർ തളിപ്പറന്പ് സ്വദേശി മജീദിനായി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികൾ കൊച്ചി സിറ്റി പോലീസ് തുടങ്ങി.
ഇതിന്റെ ഭാഗമായി ഇന്റർപോളിന്റെ സഹായം തേടിയതായി അന്വേഷണസംഘം വ്യക്തമാക്കി. എല്ലാ വിമാനത്താവളങ്ങളിലും ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്.
ഇയാൾക്കായി പോലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മജീദ് കുവൈറ്റിൽ തന്നെയുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
മനുഷ്യക്കടത്ത് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിനെത്തുടർന്ന് ഇയാൾ കണ്ണൂരിൽ നിന്ന് കുവൈറ്റിലേക്ക് കടന്നതായാണ് പോലീസ് സംശയിക്കുന്നത്.
മജീദിനെ ചോദ്യം ചെയ്താൽ മാത്രമേ മനുഷ്യക്കടത്തിനെക്കുറിച്ച് വ്യക്തതവരൂ. അതേസമയം കേസിൽ അറസ്റ്റിലായ മറ്റൊരു പ്രതി അജുമോനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിൽനിന്ന് പോലീസിന് നിർണായമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന.
ചളിക്കവട്ടത്തും പിന്നീട് രവിപുരത്തുമായി പ്രവർത്തിച്ച “ഗോൾഡൻ വയ’ എന്ന സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു അജുമോനും സംഘവും തട്ടിപ്പ് നടത്തിയിരുന്നത്.
കുവൈറ്റിൽ കുട്ടികളെ നോക്കാൻ എന്നു പറഞ്ഞാണ് യുവതികളെ കൊണ്ടുപോയത്. എന്നാൽ അവിടെ യുവതികൾക്ക് കൊടിയ പീഡനമാണ് നേരിടേണ്ടിവന്നത്.
ഫോർട്ടുകൊച്ചി സ്വദേശിനിയായ യുവതി സ്ഥലത്തെ ലൊക്കേഷൻ മലയാളി അസോസിയേഷനുകൾക്ക് അയച്ചുകൊടുത്തതിനെ തുടർന്നാണ് യുവതികൾ രക്ഷപ്പെട്ടത്.