കൊച്ചി: ലാവോസിലെ യിംഗ് ലോംഗ് എന്ന ചൈനീസ് കമ്പനിയിലേക്ക് കൊച്ചിയില്‍ നിന്ന് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ പ്രതി അഫ്സര്‍ അഷറഫിനെ മുമ്പ് ചൈനയിലെത്തിച്ച കൊച്ചി സ്വദേശിയായ ഏജന്റിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.
കേസുമായി ബന്ധപ്പെട്ട് എറണാകുളം പള്ളുരുത്തി തങ്ങള്‍ നഗര്‍ സ്വദേശി അഫ്സര്‍ അഷറഫി (34)നെയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്യാം സുന്ദറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ.ആര്. മനോജ്, തോപ്പുംപടി എസ്എച്ച്ഒ സി.ടി. സഞ്ജയ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
തട്ടിപ്പിന് ഇരയായ എറണാകുളം പനമ്പിള്ളി നഗറില്‍ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഷുഹൈബ് ഹസന്റെ പരാതിയിലാണ് അറസ്റ്റ്.
കൊച്ചിയില്‍ മാത്രം തട്ടിപ്പിന് ഇരയായത് 25ലധികം പേര്
ലാവോസിലെ ചൈനീസ് കമ്പനി യിങ് ലോണ്‍ എന്ന സ്ഥാപനത്തില്‍ ഇന്‍വെസ്റ്റ്മെന്റ് സ്കീമില്‍ ജോലി വാഗ്ദാനം ചെയ്താണ് ഷുഹൈബ് ഹസനും പളളുരുത്തി സ്വദേശികളായ യുവാക്കളും ഉള്‍പ്പെടെ ആറ് പേരെ ലാവോസിലേക്ക് കൊണ്ട് പോയത്. അമ്പതിനായിരം രൂപ വീതം വാങ്ങിയാണ് പ്രതി ഇവരെ ലാവോസിലേക്ക് അയച്ചത്.
ഇവിടെ എത്തിച്ച ശേഷം യിങ് ലോണ്‍ എന്ന കമ്പനിയ്ക്ക് ഓരോരുത്തര്‍ക്കും നാല് ലക്ഷം രൂപ വീതം വാങ്ങി വില്‍ക്കുകയായിരുന്നുവെന്നാണ് പരാതി. യുവാക്കളെ ഓണ്‍ അറൈവല്‍ വിസയില്‍ ബാങ്കോങ്കില്‍ എത്തിച്ച് അവിടെനിന്നും വിസ നല്കി ലാവോസിലേക്ക് എത്തിക്കുകയും പാസ്പോര്‍ട്ട് വാങ്ങിയ ശേഷം ചൈനീസ് ഭാഷയിലുള്ള വിവിധ പേപ്പുറുകളില്‍ ഒപ്പിടുവിച്ചു.
തുടര്‍ന്ന് കമ്പനി ഓഫീസില്‍ എത്തിച്ച് യുവാക്കളുടെ പാസ്പോര്‍ട്ട് നിര്‍ബന്ധിച്ച് വാങ്ങി ട്രേഡിംഗിന് പ്രേരിപ്പിക്കുകയായിരുന്നു. ഇത്തരത്തില്‍ കൊച്ചിയില്‍നിന്ന് 25ലധികം പേര് തട്ടിപ്പിന് ഇരയായതായിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. അഫ്സറിനു പിന്നില്‍ വന്‍ റാക്കറ്റ് തന്നെയുണ്ടെന്നാണ് പോലീസ് നിഗമനം.
ഇവര്‍ സംസ്ഥാനത്തെ നിരവധി പേരെ ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടത്തിയിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്.
ജോലി ട്രേഡിംഗ്
കഴിഞ്ഞ മാര്‍ച്ചില്‍ ലാവോസിലെത്തിയ യുവാക്കളുടെ ജോലി ട്രേഡിംഗായിരുന്നു. യുകെ, യുഎസ്എ , മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ ഇന്ത്യക്കാരായ ആളുകളുടെ വ്യാജ ഐഡി ഉപയോഗിച്ച്, ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ഇന്ത്യക്കാരുമായി ചാറ്റിംഗിന് നിര്‍ബന്ധിച്ചു. ഇത്തരം കൂടുതല്‍ ലാഭം വാഗദാനം ചെയ്ത് പണം ട്രേഡിംഗിന് ഇന്‍വെസ്റ്റ് ചെയ്യാനാണ് കമ്പനി യുവാക്കളെ ഉപയോഗിച്ചത്.
പണം നിക്ഷേപിക്കുമ്പോള്‍ കൂടുതല്‍ ലാഭം വ്യാജമായി കാണിക്കുകയും അതിലേക്ക് കൂടുതല്‍ പണം നിക്ഷേപിക്കുമ്പോള്‍ ഉടന്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും ഇതുവഴി നിക്ഷേപകരുടെ പണം അപഹരിക്കലുമായിരുന്നു തട്ടിപ്പു സംഘത്തിന്റെ രീതി.
അഫ്സര്‍ മുമ്പ് ചൈനയില്‍ ജോലി ചെയ്തു
അറസ്റ്റിലായ പ്രതി നേരത്തെ ഇത്തരത്തില്‍ ജോലിക്കായി ലാവോസിലേക്ക് പോയിരുന്നു. അസുഖം മൂലം അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം തിരികെ പോന്നു. പിന്നീട് ആണ് ഇത്തരത്തില്‍ ലാവോസിലേക്ക് ജോലിക്ക് ആളുകളെ കയറ്റിവിടാന്‍ തുടങ്ങിയതെന്നും പോലീസ് പറഞ്ഞു.
കേസില്‍ ലാവോസിലെ ഗോള്‍ഡന്‍ ട്രയാങ്കിളില്‍ പ്രവര്‍ത്തിക്കുന്ന യിങ് ലോണ്‍ ജീവനക്കാരായ രണ്ടുപേര്‍ കൂടി പ്രതികളാണ്. തട്ടിപ്പിനിരയായവരില്‍ ഷുഹൈബ് ഹസന് മാത്രമാണ് പോലീസില്‍ പരാതി നല്‍കിയത്.