ഹരുണി സുരേഷ്
വൈപ്പിന്‍: കുട്ടികളെ നോക്കാനെന്നു പറഞ്ഞ് എജന്റ് മുഖേന കുവൈറ്റിലേക്ക് ജോലിക്കു പോയ എറണാകുളം ചെറായി സ്വദേശിനിയും മനുഷ്യക്കടത്തിന്റെ ഇരയെന്ന് സംശയം.
ഭക്ഷണവും വൈദ്യസഹായവും ശമ്പളവുമില്ലാതെ കഴിഞ്ഞ ഒന്നര മാസത്തിലേറെയായി യുവതി ജോലിചെയ്യുന്ന അറബിയുടെ വീട്ടില്‍ തടങ്കലില്‍ എന്നപോലെ കഴിയുകയാണെന്നാണ് ഭര്‍ത്താവ് പറയുന്നു.
യാതൊരു പൈസയും വാങ്ങാതെ വിസയും, വിമാനടിക്കറ്റുമെല്ലാം സൗജന്യമായി നല്കി പ്രതിമാസം 30,000 രൂപ ശമ്പളവും വാഗ്ദാനം ചെയ്താണ് അജിതയെ ഏജന്റും ഇയാളുടെ ഒരു വനിതാ സുഹൃത്തും ചേര്‍ന്ന് കുവൈറ്റിലേക്ക് കൂട്ടിക്കൊണ്ട് പോയത്.
വീട്ടിലെ ദാരിദ്ര്യം ഓര്‍ത്തിട്ടാണ് അന്യനാട്ടില്‍ പോയി തൊഴില്‍ ചെയ്യാൻ യുവതി ഒരുങ്ങിയത്. അങ്ങിനെ ഏപ്രില്‍ 14നു നാട്ടില്‍ നിന്ന് പുറപ്പെട്ട വീട്ടമ്മ ഒരാഴ്ചയോളം ഏജന്റിന്റെ വനിതാ സുഹൃത്തിന്റെ കൂടെയായിരുന്നത്രേ. പിന്നീടാണ് ഒരു അറബിയുടെ വീട്ടില്‍ ജോലിക്കായി എത്തിച്ചത്.
ഏതാണ്ട് 25 ദിവസത്തോളം കടന്നുപോയതിനുശേഷമാണ് പീഡനം തുടങ്ങിയത്. കുട്ടികള്‍ കത്തികൊണ്ട് കുത്തുകയും, പരാതിപറയുമ്പോഴും ശമ്പളം ചോദിക്കുമ്പോഴും വീട്ടുകാര്‍ മര്‍ദിക്കുകയും ചെയ്യുമെന്നാണ് വീട്ടമ്മ ഭര്‍ത്താവിനയച്ച വീഡിയോ സന്ദേശത്തില്‍ പറയുന്നത്.
തിരികെ നാട്ടിലേക്ക് പോകണമെന്ന് ഏജന്റിനോട് ആവശ്യപ്പെട്ടപ്പോള്‍ സ്പോണ്സര് ആയ അറബിക്ക് 2.5 ലക്ഷം നല്‍കണമെന്നാണ് ഏജന്റ് പറയുന്നതത്രേ.
ഈ സാഹചര്യത്തില്‍ ഏജന്റ് വീട്ടമ്മയെ അറബിക്ക് വില പറഞ്ഞ് വിറ്റതാണോയെന്നും ബന്ധുക്കള്‍ സംശയിക്കുന്നുണ്ട്. ഇതിനിടെ അസുഖം പിടിപെട്ടിട്ട് ചികിത്സ പോലും നല്‍കിയില്ലെന്നാണ് വീട്ടമ്മ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്.
വീഡിയോ സന്ദേശം അയച്ചത് അറിഞ്ഞ അറബിയുടെ കുടുംബവും മൊബൈല്‍ ഫോണ്‍ വാങ്ങി അവരുടെ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് രണ്ട് ദിവസമായി വീട്ടമ്മയുടെ വിവരങ്ങള്‍ അറിയാന്‍ കഴിയുന്നില്ലത്രേ.
ഇതിനിടയില്‍ ഭാര്യയെ എത്രയും വേഗം നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ സഹായമഭ്യര്‍ഥിച്ച് ഭര്‍ത്താവ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മുഖേന ഹൈബി ഈഡന് എംപിക്ക് നിവേദനം നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് എംപി ഇന്ത്യയിലെ കുവൈറ്റ് അംബാസിഡര്‍ക്ക് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കുവൈറ്റിലുള്ള ഏജന്റിനെ എംബസി ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും ഇയാള്‍ എംബസിയില്‍ ഇതുവരെ ഹാജരായിട്ടില്ലെന്നാണ് വീട്ടമ്മയുടെ ഭര്‍ത്താവ് പറയുന്നത്.
എന്നാല്‍ ഇതുസംബന്ധിച്ച് അജിതയുടെ ബന്ധുക്കള്‍ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.
മജീദിനായി വലവിരിച്ച് പോലീസ്
കൊച്ചി: കുവൈറ്റ് മനുഷ്യക്കടത്ത് കേസിൽ മുഖ്യപ്രതി കണ്ണൂർ തളിപ്പറന്പ് സ്വദേശി മജീദിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇയാൾ കുവൈറ്റിൽ തന്നെയുണ്ടെന്നാണ് പോലീസ് നിഗമനം.
മൂന്നു ദിവസം മുന്‍പ് കണ്ണൂർ താണയിലെ ഭാര്യവീട്ടിൽ എത്തിയശേഷം ഇയാൾ മുങ്ങിയതായും സംശയമുണ്ട്. മജീദിനായി പോലീസ് ഇന്നലെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.
അജുമോന്റെ അക്കൗണ്ടിൽ ലക്ഷങ്ങളുടെ ഇടപാടെന്ന്
അതേസമയം പോലീസ് കസ്റ്റഡിയിലുള്ള കേസിലെ മറ്റൊരു പ്രതിയായ പത്തനംതിട്ട സ്വദേശി അജുമോനെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. ഇയാളുടെ കസ്റ്റഡി കാലാവധി നാളെ തീരും.
ഇയാളിൽനിന്നും പരമാവധി വിവരങ്ങൾ പോലീസ് ശേഖരിച്ചുവരുകയാണ്. അജുമോന്റെ രവിപുരം എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ട് പരിശോധിച്ചതിൽ നിന്ന് ലക്ഷങ്ങളുടെ ഇടപാടുകൾ ഈ അക്കൗണ്ട് വഴി നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതികൾ കവൈറ്റിലേക്ക് അയച്ച ആറു സ്ത്രീകളുമായും പോലീസ് വ്യാഴാഴ്ച ആശയവിനിമയം നടത്തി.
ഇവർ സുരക്ഷിതരാണെന്നും മറ്റ് പ്രശ്നങ്ങളില്ലെന്നും പോലീസ് ഉറപ്പാക്കിയിട്ടുണ്ട്. ചളിക്കവട്ടത്തും പിന്നീട് രവിപുരത്തുമായി പ്രവർത്തിച്ച “ഗോൾഡൻ വയ’ എന്ന സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു അജുമോനും സംഘവും തട്ടിപ്പ് നടത്തിയിരുന്നത്.