കൊച്ചി: തമിഴ്നാട് സ്വദേശികളായ സ്ത്രീകളെ നെടുമ്പാശേരി വിമാനത്താവളം വഴി കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തമിഴ്നാട് തിരുച്ചിറപ്പിള്ളി തിരുവെരുമ്പുര് മുഹമ്മദ് ഹനീബ (42) ആണ് അറസ്റ്റിലായത്.
എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപെട്ട് രണ്ട് പേര് നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 22ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദേശത്തേക്ക് കടത്താന്‍ ഏഴ് യുവതികളെ ഇവർ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു.
ഉള്‍ഗ്രാമങ്ങളില്‍ നിന്ന് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സ്ത്രീകളെ കണ്ടെത്തി അവര്‍ക്ക് സൗജന്യമായി പാസ്പോര്‍ട്ട്, വിസ, ടിക്കറ്റ്, മെഡിക്കല്‍ സൗകര്യം എന്നിവ ഇവര്‍ ശരിയാക്കിക്കൊടുക്കും.
ദുബായിയിലേക്കുള്ള വിസിറ്റ് വിസയാണ് നല്‍കുക. മുപ്പതിനും നാല്‍പ്പതിനും മധ്യേ പ്രായമുള്ള സ്ത്രീകളെ വീട്ടു ജോലിക്കെന്നും പറഞ്ഞാണ് കൊണ്ടുപോകുന്നത്. ദുബായിയിലെത്തിയ ശേഷം കുവൈത്ത് വിസയടിച്ച പേജ് പാസ്പോര്ട്ടില് തുന്നിച്ചേര്‍ത്ത് കുവൈത്തിലേക്ക് കടത്തുകയാണ് ചെയ്യുന്നത്. അവിടെ എത്തിച്ച ശേഷം അവിടത്തെ ഏജന്റിന് കൈമാറുകയും ചെയ്യും.
വിദ്യാഭ്യാസം കുറഞ്ഞ സ്ത്രീകള്‍ക്ക് കുവൈത്തിൽ നേരിട്ടെത്താന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഈ തന്ത്രം ഉപയോഗിക്കുന്നതെന്നാണ് പ്രതികള്‍ പറയുന്നത്.