നെടുമ്പാശേരി: ചെറിയ ഇടവേളയ്ക്ക് ശേഷം വ്യാജ രേഖകളുണ്ടാക്കി നെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്തേക്ക് ആളെ കയറ്റിവിടുന്ന സംഘങ്ങൾ വീണ്ടും സജീവമാകുന്നു. ഇതേകുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം ആരംഭിച്ചു.
രാജ്യാന്തര ബന്ധമുള്ള അന്തർസംസ്ഥാന സംഘങ്ങളാണ് മനുഷ്യക്കടത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. അടുത്തിടെ മൂന്ന് നേപ്പാൾ സ്വദേശികളാണ് വ്യാജ രേഖകളുമായി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്.
വ്യാജ പാസ്പോർട്ടും വിസയും അടക്കമുള്ള രേഖകളാണ് ഇവരിൽ നിന്നും പിടികൂടിയത്. ദുബൈയിലേക്ക് പോകാനായിരുന്നു ഇവരുടെ ശ്രമം.
ഹരിയാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള വ്യാജ മേൽവിലാസങ്ങളിലാണ് ഇവർ പാസ്പോർട്ട് സ്വന്തമാക്കിയത്.
ഇന്ത്യയിൽ ജോലി തേടി എത്തിയ ശേഷം ഏജന്റുമാർ വഴി ആധാർ കാർഡ് സ്വന്തമാക്കുകയും ഇതുപയോഗിച്ച് പാസ്പോർട്ട് നേടുകയുമാണ് ചെയ്യുന്നത്.
വിമാനത്താവളത്തിൽ സംശയം തോന്നി നടത്തുന്ന പരിശോധനകളിലാണ് ഇവർ പിടിക്കപ്പെടുന്നത്. വൻ തുക ഏജന്റുമാർക്ക് നൽകിയാണ് രേഖകൾ നൽകുന്നതെന്നാണ് ചോദ്യം ചെയ്യലിൽ പിടിക്കപ്പെട്ടവർ മൊഴി നൽകിയത്.
കഴിഞ്ഞ വർഷം മെയ്, ജൂൺ മാസങ്ങളിലായി വ്യാജ രേഖകളുമായി വിദേശത്തേക്ക് പോകാൻ ശ്രമിച്ച 27 പേരെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടിയിരുന്നത്.
ഇതിൽ 20 പേർ ആന്ധ്ര സ്വദേശികളും ഏഴ് പേർ തമിഴ് നാട്ടുകാരുമായിരുന്നു. ഇത് കൂടാതെ കഴിഞ്ഞ ഓഗസ്റ്റിൽ നാല് ബംഗ്ലാദേശ് സ്വദേശികളും സമാനമായ രീതിയിൽ പിടിയിലായിരുന്നു.
ഈ സംഭവങ്ങളിൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ വ്യാജ രേഖ സംഘടിപ്പിച്ച് നൽകിയ പ്രതികൾ വലയിലായിരുന്നു.
ഈ സംഭവത്തോടെ തൽക്കാലം പിൻവാങ്ങിയ മനുഷ്യക്കടത്ത് സംഘങ്ങൾ ഇപ്പോൾ വീണ്ടും തലപൊക്കുന്നതായാണ് കഴിഞ്ഞ ദിവസത്തെ കേസുകൾ സൂചിപ്പിക്കുന്നത്. ഇതേതുടർന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
മുൻപ് കേരളത്തിൽനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരെയാണ് വ്യാജ രേഖകൾ ചമച്ച് വിദേശത്തേക്ക് കടത്താൻ ശ്രമിച്ചിരുന്നത്. എന്നാൽ ഇപ്പോൾ വിദേശികളെയാണ് കടത്തിവിടാൻ ശ്രമിക്കുന്നത്.
ഇത് അതീവ ഗുരുതരമായാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഇക്കാര്യത്തിൽ വിമാനത്താവളത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
ചില ട്രാവൽ ഏജൻസികളാണ് ഇത്തരത്തിൽ വ്യാജ രേഖകളുണ്ടാക്കി ആളെ വിദേശത്തേക്ക് കയറ്റിവിടുന്നതിന് ചുക്കാൻ പിടിക്കുന്നത്. ഇതിനായി വൻ തുകയാണ് ഇരകളിൽ നിന്നും ഇവർ കൈക്കലാക്കുന്നത്.
എന്നാൽ യാത്ര പുറപ്പെടാൻ വിമാനത്താവളത്തിൽ എത്തുമ്പോഴോ വിദേശത്തോ ഇവർ പിടിയിലായാൽ കേസിൽ അകപ്പെട്ട് ജയിലിലാകുകയും ചെയ്യും.
2011 ൽ സുരക്ഷാ സേനയിലെയും എമിഗ്രേഷൻ വിഭാഗത്തിലെയും ചിലരുടെ അവിശുദ്ധ കൂട്ടുകെട്ടിലൂടെ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി അരങ്ങേറിയ വൻ മനുഷ്യക്കടത്ത് സിബിഐ നടത്തിയ അന്വേഷണത്തിലൂടെ പുറത്ത് വന്നിരുന്നു.