മുംബൈ: ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് പെണ്‍കുട്ടികളെ കടത്തിയിരുന്ന വന്‍ മനുഷ്യക്കടത്തു സംഘം മുംബൈയില്‍ പിടിയില്‍. ഇതിനകം ഇന്ത്യയില്‍ നിന്നും 300 ലധികം കുട്ടികളെ റാക്കറ്റ് അമേരിക്കയില്‍ എത്തിച്ചെന്ന് മുംബൈ പോലീസ് പറഞ്ഞു. സംഘത്തലവനില്‍ നിന്നാണ് ഈ വിവരം കിട്ടിയത്. രാജുഭായി എന്ന് വിളിക്കുന്ന രാജുഭായി ഗാംലേവാല എന്ന ഗുജറാത്തുകാരനാണ് സംഘത്തലവന്. കഴിഞ്ഞ മാര്‍ച്ചില്‍ സംഘത്തിലെ ഏതാനും പേരെ അറസ്റ്റ് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സംഘത്തലവനെ പൊക്കിയത്.
2007ലാണ് തങ്ങള്‍ മനുഷ്യക്കടത്ത് ആരംഭിക്കുന്നതെന്ന് രാജുഭായി ഗാംലേവാല വെളിപ്പെടുത്തി. ഇതിനകം സംഘം മൂന്നൂറിലധികം കുട്ടികളെ കടത്തിയെന്നും ഒരു കുട്ടിക്ക് 45 ലക്ഷം രൂപ വീതം സംഘം അമേരിക്കന്‍ ഇടപാടുകാരില്‍ നിന്നും വാങ്ങിയിരുന്നതായിട്ടാണ് വിവരം. സംഘാംഗങ്ങളില്‍ ചിലരെ മാര്‍ച്ചില്‍ അറസ്റ്റ് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് രാജുഭായിയെ പൊക്കാനായത്. ഗുജറാത്തിലെ ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള 11 നും 16 നും ഇടയില്‍ പ്രായക്കാരായ പെണ്‍കുട്ടികളെയാണ് കടത്തിയിരുന്നത്. വളര്‍ത്താനുള്ള സാമ്പത്തിക ചുറ്റുപാട് ഇല്ലാത്ത മാതാപിതാക്കളില്‍ നിന്നും വന്‍തുക നല്കി കുട്ടികളെ വാങ്ങുകയായിരുന്നു സംഘത്തിന്റെ രീതി. അമേരിക്കന്‍ ഇടപാടുകാരില്‍ നിന്നും ഓര്‍ഡറുകള്‍ സ്വീകരിച്ചിരുന്നത് 50 കാരനായ ഗാംലേവാലയായിരുന്നു.
ഇതനുസരിച്ച് ഗുജറാത്തിലെ കുട്ടികളെ വില്ക്കാന് തയ്യാറുള്ള ദരിദ്രകുടുംബങ്ങളെ കണ്ടെത്താന്‍ ഇവര്‍ ഗ്യാംഗുകള്‍ക്ക് നിര്‍ദേശം നല്‍കും. ഇതിനു മുന്നോടിയായി കുട്ടികളുടെ പാസ്പോര്‍ട്ട് വാടകയ്ക്ക് നല്കാന് തയ്യാറുള്ള കുടുംബങ്ങളെ കണ്ടെത്തുകയാണ് ആദ്യം ചെയ്യുക. അതിന് ശേഷം പാസ്പോര്‍ട്ടിലെ ചിത്രത്തോട് സാമ്യമുള്ള കുട്ടിയെ കണ്ടെത്തും. പിന്നീട് ചിത്രത്തിലേതിന് സമാനത പൂര്‍ണ്ണമായും വരുത്തുന്ന രീതിയില്‍ മേക്കപ്പ് ചെയ്ത ശേഷം ഒരു കാരിയറിനെ കണ്ടെത്തി അവര്‍ക്കൊപ്പം അമേരിക്കയിലേക്ക് അയയ്ക്കും.
ഈ കാരിയര്‍ അമേരിക്കയില്‍ നിന്നും തിരിച്ചുവരുമ്പോള്‍ കുട്ടിയുടെ പാസ്പോര്‍ട്ട് തിരികെ കൊണ്ടുവരികയും ഉടമയ്ക്ക് തിരിച്ചുകൊടുക്കുകയും ചെയ്യും. അതേസമയം വാഹകന്റെ സാന്നിദ്ധ്യമില്ലാതെയാണോപാസ്പോര്ട്ടില് സ്റ്റാമ്പ് ചെയ്യുന്നത് എന്ന കാര്യം വ്യക്തമല്ല. മുംബൈയിലെ വെര്‍സോവ സലൂണില്‍ രണ്ടു കുട്ടികളെ മേക്കപ്പ് ചെയ്യുന്നത് കാണാനിടയായ ഒരു സുഹൃത്ത് വിവരം നടി പ്രീതി സൂദിനോട് വിവരം പറഞ്ഞതോടെയാണ് സംഭവം ആദ്യം വെളിച്ചത്തു വന്നത്. തുടര്‍ന്ന് ഈ പെണ്‍കുട്ടികളെ വേശ്യാലയത്തിലേക്ക് ഒരുക്കുകയാണോ എന്ന സംശയിച്ച് ഇവിടം സന്ദര്‍ശിച്ച നടിക്ക് അത് വലിയ റാക്കറ്റാണെന്ന് ബോദ്ധ്യപ്പെടുകയായിരുന്നു.
രണ്ടുപേരെയും എങ്ങിനെ മേക്കപ്പ് ചെയ്യണമെന്ന് ഒരാള്‍ നിര്‍ദേശിക്കുന്നുണ്ടായിരുന്നു. ചോദിച്ചപ്പോള്‍ കുട്ടികളെ അമേരിക്കയിലെ മാതാപിതാക്കളുടെ അരികിലേക്ക് അയയ്ക്കാന്‍ പോകുകയാണെന്നായിരുന്നു അയാള്‍ പറഞ്ഞത്. മാതാപിതാക്കളെക്കുറിച്ചു ചോദിച്ചപ്പോള്‍ ഇവര്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. തന്നോടൊപ്പം പോലീസ് സ്റ്റേഷനിലേക്ക് വരുന്നോ എന്ന ചോദ്യത്തോട് ഇരുവരും മുഖം തിരിച്ചു. തുടര്‍ന്ന് സംഘം നടിയോട് സ്വന്തം കാര്യം നോക്കാന്‍ പറഞ്ഞപ്പോള്‍ അവര്‍ പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. ഒരു വിരമിച്ച സബ് ഇന്‍സ്പെക്ടറുടെ മകന് ഉള്‍പ്പെടെ നാലു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും കിട്ടിയ വാട്സ്ആപ്പ് നമ്പര്‍ വെച്ച് പോലീസ് ഗാംലേവാലയെ പിടികൂടുകയായിരുന്നു.