കന്നുകാലികളുടെ രക്തത്തില്‍ നിന്ന് കോവിഡിനെതിരായ ആന്റിബോഡി വികസിപ്പിച്ചിരിക്കുകയാണ് സൗത്ത് ഡക്കോട്ട ആസ്ഥാനമായ ഒരു ബയോ ഫാര്‍മസ്യുട്ടിക്കല്‍ കമ്പനി.
സയക്‌സ് ഫാള്‍സില്‍ സ്ഥിതിചെയ്യുന്ന എസ്എബി ബയോതെറാപ്റ്റിക്‌സ് എന്ന കമ്പനിയാണ് പശുക്കളില്‍ ഈ പരീക്ഷണം നടത്തിയത്. മനുഷ്യരുടെ പ്രതിരോധ കോശങ്ങള്‍ പശുക്കളിലേക്ക് കുത്തിവച്ചായിരുന്നു പരീക്ഷണം.
അതിന് പകരമായി പശുക്കള്‍ കോവിഡ് 19നുള്ള ആന്റിബോഡികള്‍ ഉദ്പാദിപ്പിക്കാന്‍ തുടങ്ങി. എസ്എബി-185 എന്നാണ് പുതിയ മരുന്നിന്റെ പേര്.
കോവിഡ് ബാധിച്ചവരെ ചികിത്സിക്കാന്‍ ഈ മരുന്ന് ഉപയോഗിക്കാനാകും. മാത്രമല്ല ഒരു വാക്‌സിന്‍ ലഭ്യമല്ലെങ്കില്‍ പെട്ടെന്നുള്ള സംരക്ഷണത്തിനും ഇത് ഉപയോഗിക്കാനാകും.
മൃഗങ്ങളില്‍ പരീക്ഷിച്ച് ഫലം കണ്ട ഈ മരുന്ന് അടുത്ത മാസം മുതല്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ആരംഭിക്കുകയാണ് കമ്പനി.
പശുക്കള്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ കൊറോണ വൈറസിനെ പരീക്ഷണശാലയിലെ പരീക്ഷണത്തില്‍ നിര്‍വ്വീര്യമാക്കിയെന്ന് കമ്പനിയുടെ സിഇഒ എഡ്ഡി സള്ളിവന്‍ സിഎന്‍എന്നിനോട് വ്യക്തമാക്കി.
ഇനി നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ക്ലിനിക്കല്‍ ടെസ്റ്റിലേക്ക് നീങ്ങാനാണ് കമ്പനിയുടെ തീരുമാനം. കോവിഡിനെതിരായ ഒരു മരുന്ന് ഉടന്‍ വിപണിയില്‍ ഇറക്കാന്‍ പറ്റുമെന്ന ശുഭാപ്തി വിശ്വാസമാണ് കമ്പനിക്ക്.
ഓരോ മില്ലീലിറ്റര്‍ രക്തത്തിലും മനുഷ്യര്‍ ഉത്പാദിപ്പിക്കുന്നതിന്റെ ഇരട്ടി ആന്റിബോഡികള്‍ ഉദ്പാദിപ്പിക്കും എന്നതിനാലാണ് പശുക്കളെ ഇതിനായി തെരഞ്ഞെടുത്തത്.
മാത്രമല്ല അവ വിവിധതരം ആന്റിബോഡികള്‍ ഉദ്പാദിപ്പിക്കുന്നു. അതായത്, ഒന്ന് ഫലവത്തായില്ലെങ്കില്‍ മറ്റൊന്ന് ഉപയോഗിക്കാനാകും.
പശുവിന്റെ ത്വക്കിലെ കോശങ്ങള്‍ എടുത്ത് അതിലെ, ആന്റിബോഡി ഉദ്പാദിപ്പിക്കുന്ന ജീനുകള്‍ നീക്കമ്മ് ചെയ്യുകയായിരുന്നു പരീക്ഷണത്തിന്റെ ആദ്യപടി.
പിന്നീട് ഒരു കൃത്രിമ മനുഷ്യ ജീന്‍ അതിലേക്ക് കുത്തിവച്ചു. മനുഷ്യര്‍ക്കായി ആന്റിബോഡി ഉദ്പാദിപ്പിക്കാന്‍ കഴിവുള്ളതാണ് ഈ കൃത്രിക ജീന്‍.
ഈ കോശങ്ങളില്‍ നിന്നു ഡിഎന്‍എ എടുത്ത് പശുവിന്റെ അണ്ഡത്തില്‍ കടത്തിവിട്ട് ബീജസങ്കലനം നടത്തി ഭ്രൂണമാക്കുകയും ചെയ്യും. അങ്ങനെ ഭാഗികമായി മനുഷ്യ പ്രതിരോധ സംവിധാനങ്ങളുള്ള നിരവധി പശുക്കളെ ഉത്പാദിപ്പിക്കാനാകും.
കൊറോണക്ക് മുന്‍പ് തന്നെ, മിഡില്‍ ഈസ്റ്റ് റെസ്പിരേറ്ററി സിന്‍ഡ്രം എന്നൊരു വൈറസ് രോഗത്തിനായി പശുക്കളില്‍ നിന്നും ആന്റിബോഡികള്‍ എടുത്ത് ക്ലിനിക്കല്‍ ട്രയല്‍ ഈ കമ്പനി നടത്തിയിരുന്നു.
കൊറോണ വൈറസിനോട് സാമ്യമുള്ള ആ വൈറസിനെ അന്ന് ഫലപ്രദമായി നശിപ്പിക്കാനായി എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കോവിഡിനുള്ള മരുന്നിന്റെ കാര്യത്തില്‍ ഇനി ബാക്കിയുള്ളത് ക്ലിനിക്കല്‍ പരീക്ഷണമാണ്. എന്നാല്‍ എത്ര പേരെ പരീക്ഷണത്തിനു വിധേയമാക്കുമെന്ന വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല.
എന്നാല്‍ പിറ്റ്‌സ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ ഇമ്മ്യുണോളജി പ്രൊഫസറായ ഡോ. വില്യം ക്ലിംസ്ട്രയുമായി ചേര്‍ന്നായിരിക്കും പരീക്ഷണങ്ങള്‍ എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. മരുന്ന് പരീക്ഷണം വിജയകരമായാല്‍ കോവിഡ് ബാധ 22 ലക്ഷം കവിഞ്ഞ അമേരിക്കയ്്ക്ക് അത് വലിയ ആശ്വാസമാവും.