മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലുകൾ അനുസരിച്ച് പഴക്കം കൂടിക്കൊണ്ടിരിക്കുമെന്നേ ഇതിന്റെ ഉത്തരമായി പറയാനാവൂ. 23,000 വർഷം പഴക്കമുള്ള മനുഷ്യന്റെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്നാണു പുതിയ വിവരം.13,000 വര്ഷമൊക്കെയായിരുന്നു ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പഴക്കം ചെന്ന മനുഷ്യന്റെ ശേഷിപ്പുകൾ.
യുഎസിലെ ന്യൂ മെക്സിക്കോയിൽ 21,000 മുതൽ 23,000 വർഷം വരെ പഴക്കമുള്ള വൈറ്റ് സാൻഡ്സ് നാഷണൽ പാർക്കിൽനിന്നാണ് ഏറ്റവും പഴക്കം ചെന്ന പാലിയോ -ഹ്യൂമൻ കാൽപ്പാടുകൾ കണ്ടെത്തിയത്. കാൽപ്പാടുകളുടെ പ്രായം പരിശോധിക്കാൻ രണ്ട് പുതിയ ഡേറ്റിംഗ് ടെക്നിക്കുകൾ ഉപയോഗിച്ചതായും 23,000 മുതൽ 21,000 വർഷം വരെ പഴക്കമുണ്ടെന്നു സ്ഥിരീകരിക്കുന്നതായും അസോസിയേറ്റ് പ്രസിന്റെ ട്വീറ്റില്‍ പറയുന്നു.
പുരാവസ്തു ഗവേഷകർ നേരത്തെ കരുതിയിരുന്നത് ഏകദേശം 13,000 വർഷങ്ങൾക്ക് മുമ്പ് വടക്കേ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ആദ്യത്തെ മനുഷ്യർ ക്ലോവിസ് ജനതയാണെന്ന് ആയിരുന്നു. എന്നാല്‍ 13,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ വന്‍കരയില്‍ മനുഷ്യ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് പിന്നീടുള്ള പഠനങ്ങള്‍ കണ്ടെത്തി. എന്നാല്‍ ഇതിനാവശ്യമായ തെളിവുകള്‍ നിരത്തുന്നതില്‍ ഗവേഷകര്‍ പരാജയപ്പെട്ടു.
പുതിയ കണ്ടെത്തലോടെ വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ മനുഷ്യർ ആദ്യമായി എത്തിയെന്ന് കരുതിയ കാലത്തെ വീണ്ടും നൂറ്റാണ്ടുകള്‍ പുറകിലേക്ക് നീക്കുന്നു. “അവസാന ഹിമയുഗത്തിന്റെ കാലത്ത് ഇവിടെയുള്ള ആളുകളുടെ പാറപോലെ ഉറച്ച തെളിവുകൾ ഇപ്പോൾ ഞങ്ങളുടെ പക്കലുണ്ട്’ എന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡെൻവറിലെ ജിയോസയൻസസ് ആൻഡ് എൻവയോൺമെന്റൽ ചേഞ്ച് സയൻസ് സെന്ററിലെ ജിയോളജിസ്റ്റായ ജെഫ്രി പിഗാറ്റി അവകാശപ്പെടുന്നു.