അയാളുടെ സ്പര്‍ശനങ്ങള്‍ ഒരു കളിപോലെ കരുതി ! അമ്മയോട് ഇത് കൃത്യമായി പറയാന്‍ കഴിഞ്ഞില്ല; മുതിര്‍ന്നപ്പോഴാണ് ഇത് പീഡനമാണെന്ന് മനസ്സിലായത്…

നമ്മുടെ സമൂഹത്തില്‍ പല കുട്ടികളും ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. പലപ്പോഴും അടുത്തബന്ധുക്കളും അധ്യാപകരുമൊക്കെയാണ് കുട്ടികളെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത്. ഇത്തരത്തില്‍ ചെറുപ്പത്തില്‍ അനുഭവിച്ച ചൂഷണം മുതിര്‍ന്നപ്പോഴാണ് പീഡനമാണെന്നു മനസ്സിലായതെന്നു വെളിപ്പെടുത്തുകയാണ് ഒരു യുവതി. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിലാണ് അവര്‍ തന്റെ ദുരനുഭവം പങ്കുവച്ചത്.

യുവതിയുടെ കുറിപ്പ് ഇങ്ങനെ…ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് എന്റെ അച്ഛന്റെ സുഹൃത്ത് എപ്പോഴും വീട്ടില്‍ വരുമായിരുന്നു. അച്ഛനൊപ്പം ചെസ് കളിക്കാനാണ് വരുന്നത്. അച്ഛന്‍ വീട്ടിലെത്താന്‍ വൈകുന്ന ദിവസം അയാള്‍ പുറത്ത് കാത്ത് നില്‍ക്കും.

അമ്മ അയാള്‍ക്ക് ചായ നല്‍കും. അപ്പോഴാണ് അത് സംഭവിച്ചിരുന്നത്. അയാള്‍ എന്റെ പാന്റിനുള്ളില്‍ കൈകടത്തും. അയാളുടെ സ്വകാര്യ ഭാഗങ്ങളില്‍ എന്നെക്കൊണ്ടും സ്പര്‍ശിപ്പിക്കും. എന്നെ അത് വല്ലാതെ അസ്വസ്ഥയാക്കിയിരുന്നെങ്കിലും അത് ഒരു ഗെയിം ആണെന്നാണ് ഞാന്‍ കരുതിയിരുന്നത്.

ഈ സമയത്താണ് ഞാന്‍ ഒരു ബന്ധുവിന്റെ വീട് സന്ദര്‍ശിക്കാനായി പോയത്. പക്ഷേ എനിക്ക് പരീക്ഷ ഉള്ളതിനാല്‍ വീട്ടിലേക്ക് വേഗം തിരികെ വരണമായിരുന്നു. അന്ന് അമ്മ എന്നെ കൂട്ടാനായി അയാളെ അയച്ചു. വീട്ടിലേക്ക് തിരികെ വരുന്ന വഴിക്ക് വീണ്ടും അത് ആവര്‍ത്തിച്ചു.

അന്ന് ഞാന്‍ അമ്മയോട് ഇനി ഒരിക്കലും എന്നെ കൂട്ടാനായി അയാളെ അയയ്ക്കരുതെന്ന് പറഞ്ഞു. കാരണം ചോദിച്ചപ്പോള്‍ കൃത്യമായി എനിക്ക് പറഞ്ഞ് മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കിലും അയാള്‍ എന്നെ അസ്വസ്ഥനാക്കുന്നുവെന്ന് ബോധ്യപ്പെടുത്തി. പിന്നീട് അയാളെ ഞാന്‍ കണ്ടിട്ടില്ല.

വര്‍ഷങ്ങള്‍ക്കു ശേഷം അതിനെക്കുറിച്ച് അച്ഛനമ്മമാരോട് ചോദിച്ചപ്പോള്‍ എനിക്ക് അന്ന് കൃത്യമായി വിശദീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അയാള്‍ എന്നെ അസ്വസ്ഥയാക്കിയെന്നത് അവര്‍ക്കു മനസ്സിലായി എന്നാണ് പറഞ്ഞത്. ഞാന്‍ പതിനൊന്നാം ക്ലാസില്‍ എത്തിയപ്പോഴാണ് ഞാന്‍ എന്താണ് നേരിട്ടത് എന്നതിന്റെ ഗൗരവം ഉള്‍ക്കൊണ്ടത്.

ഞാന്‍ ലൈംഗിക വേട്ടക്കാരെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങി. എന്തുകൊണ്ടാണ് അവര്‍ മറ്റുള്ളവരെ ദുരുപയോഗം ചെയ്യുന്നത് എന്ന് അന്വേഷിച്ചു. ഇതില്‍ നിന്നും അയാളുടെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ എന്തെങ്കിലും ഉണ്ടോ എന്ന് തിരഞ്ഞു. എന്നാല്‍ അദ്ദേഹം എന്നെ ഉപദ്രവിച്ചതിന്റെ ഒരു ന്യായീകരണവും കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല. മാനസികമായി അന്ന് ഞാന്‍ തകര്‍ന്നു.

അതോടെ ഒന്നും തീര്‍ന്നില്ല. കോളജില്‍ ആദ്യ വര്‍ഷം പഠിക്കുന്ന സമയത്ത് ഞാനും എന്റെ സുഹൃത്തുംകൂടി വഴിയില്‍ തെരുവു നായയ്ക്കു ഭക്ഷണം നല്‍കുകയായിരുന്നു. അന്ന് എന്റെ പിന്നില്‍ നിന്ന് ഒരാള്‍ സ്വയംഭോഗം ചെയ്യുന്നത്ത് കണ്ടു. പേടിച്ച് ഞങ്ങള്‍ ക്യാംപസിലേക്ക് ഓടി.

അയാള്‍ പിന്നാലെ ഓടി. അടുത്ത ദിവസം തന്നെ വീട്ടിലേക്ക് തിരികെ എത്താന്‍ തീരുമാനിച്ചു. അതിനു മുമ്പ് അയാള്‍ക്കെതിരെ പരാതി നല്‍കി. എന്നാല്‍ അയാളുടെ പ്രവൃത്തിയെ ന്യായീകരിച്ചുകൊണ്ടാണ് പൊലീസ് പെരുമാറിയത്. അയാള്‍ മാനസികമായി സുഖമില്ലാത്തയാളാണെങ്കിലോ എന്ന ചോദ്യമാണ് ചോദിച്ചത്.

ഒരു മനശാസ്ത്രജ്ഞനെ കണ്ടെത്താന്‍ എന്റെ മാതാപിതാക്കള്‍ എന്നെ സഹായിച്ചു. എനിക്ക് വിഷാദവും പിടിഎസ്ഡിയും കണ്ടെത്തി. ഒരു ദിവസം രണ്ടുമൂന്നു തവണ എന്റെ മനോനില തെറ്റാന്‍ തുടങ്ങി. ഞാന്‍ മരുന്ന് കഴിച്ചു. ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് മനസിലാക്കാന്‍ എന്റെ മാതാപിതാക്കള്‍ ശരിക്കും ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല. എന്റെ മാനസികാരോഗ്യം ഇടിഞ്ഞു; ഞാന്‍ എന്റെ മരുന്നുകള്‍ അമിതമായി കഴിക്കുകയും മൂന്ന് ദിവസം ഐസിയുവില്‍ കഴിയുകയും ചെയ്തു.

അങ്ങനെ കുറച്ച് ഭേദമായി. പക്ഷേ എന്റെ മാതാപിതാക്കള്‍ എന്റെ കൂടെ നിന്നു. എന്നെ തിരിച്ചുപിടിക്കാന്‍ സഹായിക്കാനായി അവര്‍ എന്നെ ജയ്പുരിലേക്കു കൊണ്ടുപോയി. പിന്നീട് എനിക്ക് കോളജിനായി നോയിഡയിലേക്ക് പോകേണ്ടിവന്നു. ഞാന്‍ ഹോസ്റ്റലില്‍ താമസിച്ചില്ല. മൂന്നു മാസം എന്നോടൊപ്പം താമസിക്കാന്‍ അമ്മ നിര്‍ബന്ധിച്ചു.

ലൈംഗികാതിക്രമത്തിനും അതിനുശേഷമുള്ള ആഘാതത്തിനും ഇരയായതിനാല്‍, ഇതിനെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു.

അതിനാല്‍, ഞാന്‍ ‘ബ്രേക്ക് ദ സൈലന്‍സ്’ എന്ന പേരില്‍ ഒരു ക്യംപെയ്ന്‍ ആരംഭിക്കുകയും സ്‌കൂളുകളിലും അനാഥാലയങ്ങളിലും സര്‍വകലാശാലകളിലും പ്രസംഗിക്കുകയും ചെയ്തു. ക്രമേണ, ‘ബ്രേക്ക് ദ സൈലന്‍സ്’ ഒരു എന്‍ജിഒയായി വളരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മറ്റൊരു കുട്ടിക്കും ഈ അവസ്ഥ വരരുത്. ഇത് എന്നിലൂടെ അവസാനിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

Related posts

Leave a Comment