ഫോണുകൾക്കും വെയറബിൾ കംപ്യൂട്ടറുകൾക്കുമായി പുതിയൊരു ഇന്റർഫേസ് വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകർ. മനുഷ്യരുടെ ചർമം പോലുള്ള ഇതിലൂടെ ഇനി തഴുകലും പിച്ചലും ഇക്കിളിയാക്കലും ഫോണുകൾക്കു തിരിച്ചറിയാനാവും. സ്കിൻ-ഓണ്‍ എന്നു പേരിട്ട ഈ ഇന്റർഫേസ് കാഴ്ചയിൽ ചർമംപോലെയാണെന്നു മാത്രമല്ല ഒരിന്ദ്രിയംപോലെ പ്രവർത്തിക്കുകയും ചെയ്യും.
ഈ കൃത്രിമ ചർമത്തിൽ ഇക്കിളിയിട്ടാൽ ഫോണിൽ പൊട്ടിച്ചിരിക്കുന്ന ഇമോജി തെളിയും. ടാപ് ചെയ്താൽ അദ്ഭുതപ്പെടുന്ന മുഖമാണ് തെളിയുക. ഉപയോക്താക്കൾക്ക് ചാറ്റിനിടെ കൂടുതൽ കാര്യക്ഷമമായി വികാരങ്ങൾ പങ്കുവയ്ക്കാൻ ഈ ഇന്റർഫേസ് സഹായിക്കുമെന്നാണ് ഗവേഷകരുടെ പക്ഷം.
മൊബൈലിന്റെ കേയ്സ് പോലെയിരിക്കുന്ന ഇതിന് ഉപയോക്താവ് എത്രമാത്രം സമ്മർദ്ദം അതിൽ ചെലുത്തുന്നുവെന്ന് തിരിച്ചറിയാനാവും. നിരവധി പാളികളുള്ള സിലിക്കോണ്‍ ഉപയോഗിച്ചാണ് നിർമാണം.
അങ്ങനെ സംവേദനശേഷിയുള്ള കൃത്രിമ ചർമവും ഇന്ററാക്ടീവ് ഡിവൈസുകളിലേക്ക് എത്തി. കൂടുതൽ പഠനങ്ങൾ ഈ രംഗത്തുണ്ടാകുമെന്നാണ് ഗവേഷകർ പറയുന്നത്.