ന്യൂഡല്‍ഹി: മനുഷ്യക്കടത്തെന്ന സംശയത്തെത്തുടർന്ന് ഫ്രാന്‍സില്‍ തടഞ്ഞുവച്ച ഇന്ത്യക്കാരുമായുള്ള എയര്‍ബസ് എ340 വിമാനം മുംബൈയില്‍ എത്തി. പുലര്‍ച്ചെ നാലോടെയാണ് വിമാനം മുംബൈയില്‍ എത്തിയത്.
ദുബായിയില്‍നിന്ന് നിക്കരാഗ്വയിലേക്കു പുറപ്പെട്ട ചാര്‍ട്ടര്‍ വിമാനം സാങ്കേതികത്തകരാറിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ ഇറക്കുകയായിരുന്നു. പിന്നാലെ യാത്രക്കാര്‍ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഫ്രഞ്ച് പോലീസ് ഇടപെടുകയായിരുന്നു.
303 യാത്രക്കാരാണു വിമാനത്തില്‍ ഉണ്ടായിരുന്നത്. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം വിമാനം വിട്ടയയ്ക്കുകയായിരുന്നു. വിമാനത്താവളത്തില്‍ ഒരുക്കിയ താത്കാലിക കോടതിയിലെ വിചാരണ നടപടികള്‍ക്കൊടുവിലാണ് ഫ്രഞ്ച് കോടതി വിമാനം വിട്ടയയ്ക്കാന് ഉത്തരവിട്ടത്.
പിടിച്ചെടുത്ത് നാലു ദിവസങ്ങള്‍ക്കു ശേഷമാണു വിമാനം വിട്ടയച്ചത്. ഫ്രാന്‍സിലെ നിയമമനുസരിച്ച് വിദേശികളെ നാലു ദിവസത്തില്‍ കൂടുതല്‍ പോലീസിന് കസ്റ്റഡിയില്‍ വയ്ക്കാനോ ചോദ്യം ചെയ്യാനോ കഴിയില്ല.ചോദ്യംചെയ്യല്‍ നീട്ടണമെങ്കില്‍ കോടതിയുടെ പ്രത്യേക ഉത്തരവ് വേണം. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് അധികൃതർ വിമാനം വിട്ടയയ്ക്കാന് തീരുമാനിച്ചത്.
വിമാനത്തിലെ മിക്ക യാത്രക്കാർക്കും തങ്ങളുടെ സ്വന്തം നാട്ടിലേക്കു മടങ്ങാന്‍ താത്പര്യമില്ലെന്നും ഇതേത്തുടര്‍ന്നു മടക്കയാത്ര അനിശ്ചിതത്വത്തിലാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണു വിമാനം മുംബൈയിലേക്കു പുറപ്പെട്ടത്.