കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിന് കൊച്ചിയില്‍നിന്നും ലാവോസിലെ ചൈനീസ് കമ്പനിക്ക് ആളുകളെ വിറ്റ കേസില്‍ വന്‍ റാക്കറ്റെന്നു നിഗമനം.
പോലീസ് കസ്റ്റഡിയില്‍ ലഭിച്ച പ്രതി കേസില്‍ അറസ്റ്റിലായ പള്ളുരുത്തി സ്വദേശി അഫ്സര്‍ അഷറഫ് (34) നെ തോപ്പുംപടി പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാളില്‍നിന്ന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. കൊച്ചിയില്‍നിന്ന് 25ലധികം പേര് തട്ടിപ്പിന് ഇരയായതായിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
അതുകൊണ്ടുതന്നെ സംസ്ഥാന വ്യാപകമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. മറ്റ് ആരുടെയെങ്കിലും കൈയില്‍നിന്ന് ജോലിക്കായി പ്രതി പണം വാങ്ങിയിട്ടുണ്ടോ, സമാന രീതിയില്‍ മറ്റ് ആളുകളെ പ്രതി ജോലിക്ക് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ടോ, കമ്മീഷന് തുക എന്തു ചെയ്തു തുടങ്ങിയ കാര്യങ്ങളില്‍ പോലീസ് വ്യക്തത വരുത്തും.
എറണാകുളം പനമ്പിള്ളി നഗറില്‍ ബിഎസ്എന്എല്ക്വാര്ട്ടേഴ്സില് ഇപ്പോള്‍ തോപ്പുംപടി പോളക്കണ്ടം മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന ഷുഹൈബ് ഹസന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യ കടത്ത് കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തത്. ലാവോസിലെ ചൈനീസ് കമ്പനി യിങ് ലോണ്‍ എന്ന സ്ഥാപനത്തില്‍ ഇന്‍വെസ്റ്റ്മെന്റ് സ്കീമില്‍ ജോലി വാഗ്ദാനം ചെയ്താണ് ഷുഹൈബ് ഹസനും പളളുരുത്തി സ്വദേശികളായ യുവാക്കളും ഉള്‍പ്പെടെ ആറ് പേരെ ലാവോസിലേക്ക് കൊണ്ടുപോയത്.
അമ്പതിനായിരം രൂപ വീതം വാങ്ങിയാണ് പ്രതി ഇവരെ ലാവോസിലേക്ക് അയച്ചത്. ഇവിടെ എത്തിച്ച ശേഷം യിങ് ലോണ്‍ എന്ന കമ്പനിയ്ക്ക് ഓരോരുത്തര്‍ക്കും നാല് ലക്ഷം രൂപ വീതം വാങ്ങി വില്‍ക്കുകയായിരുന്നുവെന്നാണ് പരാതി. യുവാക്കളെ ഓണ്‍ അറൈവല്‍ വിസയില്‍ ബാങ്കോങ്കില്‍ എത്തിച്ച് അവിടെനിന്നും വിസ നല്കി ലാവോസിലേക്ക് എത്തിക്കുകയും പാസ്പോര്‍ട്ട് വാങ്ങിയ ശേഷം ചൈനീസ് ഭാഷയിലുള്ള വിവിധ പേപ്പുറുകളില്‍ ഒപ്പുവച്ചു. തുടര്‍ന്ന് കമ്പനി ഓഫീസില്‍ എത്തിച്ച് യുവാക്കളുടെ പാസ്പോര്‍ട്ട് നിര്‍ബന്ധിച്ച് വാങ്ങി ട്രേഡിംഗിന് പ്രേരിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ ലാവോസിലെത്തിയ യുവാക്കളുടെ ജോലി ട്രേഡിംഗായിരുന്നു. യുകെ, യുഎസ്എ , മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ ഇന്ത്യക്കാരായ ആളുകളുടെ വ്യാജ ഐഡി ഉപയോഗിച്ച്, ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ഇന്ത്യക്കാരുമായി ചാറ്റിംഗിന് നിര്‍ബന്ധിച്ചു.
ഇത്തരം കൂടുതല്‍ ലാഭം വാഗദാനം ചെയ്ത് പണം ട്രേഡിംഗിന് ഇന്‍വെസ്റ്റ് ചെയ്യാനാണ് കമ്പനി യുവാക്കളെ ഉപയോഗിച്ചത്. പണം നിക്ഷേപിക്കുമ്പോള്‍ കൂടുതല്‍ ലാഭം വ്യാജമായി കാണിക്കുകയും അതിലേക്ക് കൂടുതല്‍ പണം നിക്ഷേപിക്കുമ്പോള്‍ ഉടന്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും ഇതുവഴി നിക്ഷേപകരുടെ പണം അപഹരിക്കലുമായിരുന്നു തട്ടിപ്പു സംഘത്തിന്റെ രീതി.