കോഴിക്കോട്: കംബോഡിയയിലേക്ക് മനുഷ്യക്കടത്തു നടത്തുന്ന സംഘത്തിലെ പ്രധാന പ്രതി കോഴിക്കോട് തോടന്നൂര് പിടികയുള്ളതില് തെക്കേമലയില് അനുരാഗിനെ (25) പോലീസ് കസ്റ്റഡിയില് വാങ്ങും. നിരവധി യുവാക്കളില് നിന്ന് പണംവാങ്ങി തൊഴില് തട്ടിപ്പു നടത്തിയ കേസിലാണ് ഇയാള് ഇന്നലെ അറസ്റ്റിലായത്.
കംബോഡിയയില് സൈബര് തട്ടിപ്പ് സംഘത്തിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്യുന്നതിനു നേതൃത്വം കൊടുത്ത അനുരാഗിനെ നെടുമ്പാശേരി വിമാനത്താവളത്തില് നിന്നാണു പോലീസ് പിടികൂടിയത്. ഇയാള്ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിലെ മറ്റു പ്രതികളെ പിടികൂടുന്നതിനുള്ള നടപടികള് പോലീസ് ഊര്ജിതമാക്കി.
പേരാമ്പ്ര കൂത്താളി പനക്കാട് മാമ്പള്ളി അബിന് ബാബു (25), കിഴക്കന് പേരാമ്പ്ര കുന്നുമ്മല് രാജീവന് (46) എന്നിവരടക്കം പേരാമ്പ്ര, വടകര ഭാഗങ്ങളില് നിന്നായി നിരവധി പേരാണ് തട്ടിപ്പിനിരയായത്. അബിന്ബാബുവിന്റെ പരാതിയിലാണ് അറസ്റ്റ്. ഒരു ലക്ഷത്തോളം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് ഇവരെ സംഘം വലയിലാക്കിയത്. തട്ടിപ്പു സംഘത്തില് നിന്നു ദിവസങ്ങളോളം ക്രൂര മര്ദനമുള്പ്പെടെ ഇവര്ക്ക് ഏല്ക്കേണ്ടി വന്നിട്ടുണ്ട്.