ആലപ്പുഴ: പ്രളയത്തെ തുടർന്ന് സംസ്ഥാനം കടുത്ത സാമൂഹിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സമൂഹത്തിലെ വനിതകൾക്കും കുട്ടികൾക്കും സംരക്ഷണം ഉറപ്പാക്കണമെന്ന് സാമൂഹ്യനീതി വകുപ്പും വനിതാ ശിശുക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് അഭിപ്രായപ്പെട്ടു.
പ്രളയക്കെടുതിയിൽ വലയുന്ന ആളുകളെ വശത്താക്കി മനുഷ്യക്കടത്തു നടത്തിയും മറ്റു രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തും പണം തട്ടുന്ന സംഘങ്ങൾ പ്രവർത്തനം ആരംഭിച്ചതായും. ഇതിനെതിരേ ജാഗ്രത പുലർത്തണമെന്നും ആദ്യം ക്ലാസെടുത്ത ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് പറഞ്ഞു.
ജില്ല കയർ മെഷീൻ മാനുഫാക്ചറിംഗ് സ്ഥാപനത്തിൽ നടന്ന ബോധവത്കരണ ക്ലാസിൽ സാമുഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, റിട്ട. കമാണ്ടർ അശോക് വി.എം. കുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലയിൽ നിന്നും അങ്കണവാടി ടീച്ചർമാർ, പോലീസ് പ്രതിനിധികൾ, വനിതാ ശിശു ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പടെ 350 പ്രവർത്തകർ ക്ലാസിൽ പങ്കെടുത്തു.