കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിന് കൊച്ചിയില്‍നിന്ന് ലാവോസിലെ ചൈനീസ് കമ്പനിക്ക് ആളുകളെ വിറ്റ സംഭവത്തില്‍ സമാന രീതിയില്‍ തട്ടിപ്പിന് ഇരയായി ലാവോസില്‍ കുടുങ്ങിക്കിടക്കുന്നവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നു.
കേസില്‍ അറസ്റ്റിലായ പ്രതി പള്ളുരുത്തി സ്വദേശി അഫ്സര്‍ അഷറഫില്‍(34) നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നീക്കം. ഇവരെ എംബസിയുടെ സഹായത്തോടെ കേന്ദ്ര ഇടപെടലില്‍ തിരികെ എത്തിക്കുന്ന സാധ്യതകളും പോലീസ് തേടുന്നുണ്ട്.
അതിനിടെ സംഭവത്തില്‍ ഇടനിലക്കാരനായ മലയാളിയെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗിമിക്കുകയാണെന്ന് തോപ്പുംപടി പോലീസ് പറഞ്ഞു. കഴിഞ്ഞിടെ അവയവക്കടത്തുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ അറസ്റ്റ് നടന്നിരുന്നു.
സംഭവത്തിനു പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്ന് തുടര്‍ന്നുള്ള അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു. സമാനരീതിയില്‍ മനുഷ്യക്കടത്ത് കേസിലും കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
കസ്റ്റഡിയില്‍ വാങ്ങി വ്യക്തത വരുത്തും
അഫ്സര്‍ അഷറഫിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രതിയില്‍ നിന്ന് പരമാവധി വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസിന്റെ ശ്രമം. ഇടനിലക്കാരന്റെ പങ്ക് സംബന്ധിച്ച് അഫ്സറില്നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നും പോലീസ് പ്രതീക്ഷിക്കുന്നു.
കൊച്ചിയില്‍ നിന്ന് 25ലധികം പേര് തട്ടിപ്പിന് ഇരയായതായിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. അഫ്സറിനു പിന്നില്‍ വന്‍ റാക്കറ്റ് തന്നെയുണ്ടെ നിഗമനത്തില്‍ സംസ്ഥാന വ്യാപകമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്.
മറ്റ് ആരുടെയെങ്കിലും കൈയില്‍ നിന്ന് ജോലിക്കായി പ്രതി പണം വാങ്ങിയിട്ടുണ്ടോ, സമാന രീതിയില്‍ മറ്റ് ആളുകളെ പ്രതി ജോലിക്ക് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ടോ, കമ്മീഷന് തുക എന്തു ചെയ്തു തുടങ്ങിയ കാര്യങ്ങളില്‍ പോലീസ് വ്യക്തത വരുത്തും.