സ്വന്തം ലേഖകൻ
കോഴിക്കോട്: ആരോഗ്യ കേരളത്തിൽ മരണാന്തര അവയവ ദാനം ഈ വർഷം കുത്തനെ കുറഞ്ഞതായി കണക്കുകൾ.മലയാളികൾ അവയവ ദാനത്തിനോട് പുറം തിരിഞ്ഞ് നിൽക്കുന്നതായാണ് കേരളത്തിൽ മരണാന്തര അവയവദാനത്തിന് അനുമതി നൽകുന്ന കേരള നെറ്റ് വർക് ഫോർ ഓർഗൻ ഷെയറിംങ് (മൃതസഞ്ജീവനി പദ്ധതി) പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.
അവയവദാനം പ്രോത്സാഹിപ്പിക്കാൻ 2012-ലാണ് സംസ്ഥാന സർക്കാർ മൃതസഞ്ജീവനി പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ കണക്ക് പ്രകാരം ഈ വർഷം അവയവം ദാനം ചെയ്തത് മറ്റ് വർഷങ്ങളെ അപേക്ഷിച്ച് പകുതിയിലും താഴെ പേർ മാത്രം.കഴിഞ്ഞ വർഷം മരണാന്തരം പ്രധാന അവയവങ്ങൾ ദാനം ചെയതത് 72 പേരാണ്.
എന്നാൽ ഈ വർഷം ഒൻപത് മാസം കഴിഞ്ഞിട്ടും 11 പേരാണ് ഇതു വരെ അവയവം ദാനം ചെയ്തത്. 2016-ൽ മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങൾ വഴി 199 പേർക്കാണ് ജീവിതം തിരിച്ചു കിട്ടിയത്. എന്നാൽ ഈ വർഷം അത് 34 അയി കുറഞ്ഞു.ഹൃദയം, കരൾ, ശ്വാസകോശം, കിഡ്നി തുടങ്ങിയ അവയവങ്ങളാണ് പ്രധാനമായും മരണാന്തരം ദാനം ചെയ്യുന്നത്. എന്നാൽ ഈ വർഷം ഇവ ദാനം ചെയ്തവരുടെ എണ്ണം ശരാശരിയിലും താഴെയാണ്. 18 പേരാണ കഴിഞ്ഞ വർഷം ഹൃദയം ദാനം ചെയ്തത്.
ഈ വർഷം സെപ്റ്റംബർ 27 വരെ രണ്ടു പേർക്ക് മാത്രമാണ് അവയവദാനത്തിലൂടെ പുതുഹൃദയം ലഭിച്ചത്. കഴിഞ്ഞ വർഷം കിഡ്നി ദാനം ചെയ്തവർ 113ഉം, 2015ൽ 132ഉം ആയിരുന്നെങ്കിൽ ഇത്തവണ അത് 20 പേരായി ചുരുങ്ങി. കരൾ ദാനം ചെയ്തവർ 2016ൽ 64 ആയിരുന്നെങ്കിൽ ഈ വർഷം ഇതുവരെ ഒന്പതു പേർ മാത്രം.
അവയവ ദാനം ചെയ്യുന്നവരുടെ എണ്ണം കുത്തനെ കുറയുന്പോളും അവയവത്തിനായി കാത്തു നിൽക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. 1609 പേരാണ് കിഡ്നിക്കായി കേരള നെറ്റ് വർക്് ഫോർ ഓർഗൻ ഷെയറിംങിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. ഇന്ത്യയിൽ മരണാന്തര അവയവദാനത്തിന് വ്യകതിയുടെ സമ്മതപത്രത്തിന് പുറമെ ബന്ധുക്കളുടെ രേഖാമൂലമുള്ള സമ്മതവും ആവശ്യമാണ്.
പലപ്പോഴും മരണ ശേഷം ബന്ധുക്കൾ വേണ്ടപ്പെട്ടവരെ വിവരമറിയിക്കാതിരിക്കുന്നതും അനുമതി നൽകാതിരിക്കുന്നതും അവയവ ദാനത്തിന്റെ എണ്ണം കുറക്കുന്നു. അവയവദാന രംഗത്ത് നടക്കുന്ന ചൂഷണവും തെറ്റായ പ്രചരണവും അവയവദാനം കുറയ്ക്കാൻ കാരണമാകുന്നുണ്ട്. സർക്കാരും, സന്നദ്ധ സംഘടനകളും അവയദാനം പ്രോത്സാഹിപ്പിക്കാനായി ബോധവൽകരണം നടത്തുന്നുണ്ട്.