പാലക്കാട്: സർക്കാർ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.പാലക്കാട് ജില്ലാ സപ്ലൈ ഓഫീസറുടെ നടപടിക്കെതിരെയാണ് കമ്മീഷൻ അംഗം കെ. മോഹൻകുമാറിന്റെ നിരീക്ഷണം.
ജന്മനാ അംഗ പരിമിതയായ സംസാര – കേൾവി ശക്തിയില്ലാത്ത പെണ്‍കുട്ടിയുടെ അച്ഛൻ കോട്ടത്തറ സ്വദേശി ശിവസ്വാമിയുടെ ബിപിഎൽ റേഷൻ കാർഡ് പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തിയെന്ന പരാതിയിലാണ് ഉത്തരവ്. റേഷൻകാർഡ് മാറ്റാൻ അപേക്ഷ നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ല.
ബിപിഎൽ പട്ടികയിൽ നിന്നും ഒഴിവാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വിവരിച്ചിരിക്കുന്ന സർക്കാർ ഉത്തരവ് പൂർണമായും ഉൾക്കൊള്ളാതെയാണ് പരാതിക്കാരന്റെ കാർഡ് പൊതുവിഭാഗത്തിലാക്കിയതെന്ന് രേഖകൾ പരിശോധിച്ച കമ്മീഷൻ വിലയിരുത്തി. റേഷൻ കാർഡിനെ കുറിച്ചുള്ള ആക്ഷേപം പാലക്കാട് ജില്ലാ കളക്ടറും ജില്ലാ സപ്ലൈ ഓഫീസറും പരിഗണിച്ച് രണ്ട് മാസത്തിനകം നിയമാനുസരണം തീർപ്പുകൽപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.