കൊല്ലം : ബിവറേജസ് കോർപ്പറേഷനിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന കാലയളവിൽ മരിച്ചയാളുടെ ഭാര്യക്ക് സർക്കാർ ഉത്തരവിൽ ഇളവ് നൽകി സമാശ്വാസം നൽകാൻ കഴിയുമോയെന്ന് എക്സൈസ് സെക്രട്ടറി പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
2001 മുതൽ 2010 വരെ കോർപ്പറേഷനിൽ ജോലി ചെയ്ത അടൂർ ഇളമണ്ണൂർ ലക്ഷ്മി ഭവനത്തിൽ വി. വിനോദിന്റെ ഭാര്യ പട്ടാഴി കന്നിമേൽ നിഷ എസ്. നായർക്ക് സമാശ്വാസം നൽകുന്ന കാര്യം പരിഗണിക്കാനാണ് കമ്മീഷൻ അംഗം കെ. മോഹൻകുമാർ സർക്കാരിനോട് ആവശ്യപ്പെട്ടത്.
ബിവറേജസ് കോർപ്പറേഷനിൽ ജീവനക്കാരനായിരിക്കെ വിനോദിന് ക്ഷേമനിധിയിൽ അംഗത്വം അനുവദിച്ചിരുന്നു. വിനോദിനൊപ്പം ക്ഷേമനിധി അംഗത്വം ഉണ്ട ായിരുന്ന 676 ദിവസവേതനക്കാരെയും കോർപ്പറേഷൻ സ്ഥിരപ്പെടുത്തി ആനുകൂല്യങ്ങൾ നൽകി. തനിക്ക് സമാനമായ രീതിയിൽ നിയമനം നൽകണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.
കോർപ്പറേഷനിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവർക്ക് സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ക്ഷേമനിധി അംഗത്വം നൽകിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. സർക്കാർ നിയമപ്രകാരം സമാശ്വാസ തൊഴിൽ ദാന പദ്ധതി സ്ഥിരം ജീവനകാർക്ക് മാത്രമാണ് ബാധകമെന്ന് റിപ്പോർട്ടിൽ പറയുന്നു.
2011 ഫെബ്രുവരി 24 ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് വിനോദിനൊപ്പം ജോലി ചെയ്തിരുന്ന ക്ഷേമനിധി അംഗത്വമുള്ളവർക്ക് സ്ഥിരം നിയമനം നൽകിയതെന്ന് കമ്മീഷൻ ചൂണ്ട ികാണിച്ചു.
ഭർത്താവിന്റെ മരണശേഷം 13 വയസായ മകളെ പോറ്റുന്നതിന് മറ്റ് മാർഗങ്ങളില്ലെന്ന പരാതിക്കാരിയുടെ സങ്കടം മാനുഷികപരിഗണനയർഹിക്കുന്നതായി കമ്മീഷൻ അംഗം കെ. മോഹൻകുമാർ ചൂണ്ട ികാണിച്ചു. പരാതിക്കാരിയുടെ ഭർത്താവിന് കൂടി ലഭിക്കേണ്ട ിയിരുന്ന സ്ഥിരം നിയമനമാണ് അദ്ദേഹത്തിന്റെ മരണം കാരണം പരാതിക്കാരിക്കും മകൾക്കും അനുഭവിക്കാൻ കഴിയാതെ പോയതെന്നും കമ്മീഷൻ ചൂണ്ടികാണിച്ചു.
2011 ഫെബ്രുവരി 24 ലെ സർക്കാർ ഉത്തരവ് പ്രകാരം ഇതരജീവനകാർക്ക് ലഭിച്ച പരിഗണന വിനോദിന്റെ ആശ്രിതക്കും ലഭിക്കണമെന്ന ആവശ്യം കോർപ്പറേഷൻ വിശദമായി വിലയിരുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരും എക്സൈസ് വകുപ്പ് സെക്രട്ടറിയും കമ്മീഷണറും പരിശോധിച്ച് നടപടിയെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.