മൂവാറ്റുപുഴ: റോഡിലെ ഹമ്പ് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടാത്തതിനെ തുടര്‍ന്ന് അപകടം പതിവാകുന്നു. ചെറിയ പാലത്തിനോടു ചേര്‍ന്ന് കച്ചേരിത്താഴത്തെ ഹമ്പാണ് അപകട ഭീഷണിയായി മാറിയിരിക്കുന്നത്.
ഹമ്പിലെ അടയാളം മാഞ്ഞുപോയതാണ് ഡ്രൈവര്‍ക്ക് കാണുവാന്‍ സാധിക്കാതെ വന്നിരിക്കുന്നത്. ആറുമാസം മുമ്പ് ബൈക്ക് യാത്രക്കാരന് നിയന്ത്രണംവിട്ട് റോഡിലേക്ക് തെറിച്ചുവീണ് മരിച്ചിരുന്നു.
ഇതേ തുടര്‍ന്ന് അധികൃതര്‍ ഉടന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ നടപടിയായില്ല. വേഗത്തിലെത്തുന്ന വാഹനങ്ങള്‍ അടുത്തെത്തുമ്പോഴാണ് ഹമ്പ് ഉള്ള വിവരമറിയുന്നത്.
പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതോടെ വാഹനങ്ങള്‍ നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെടുകയാണ് പതിവ്. കഴിഞ്ഞ ദിവസം നിയന്ത്രണംവിട്ട കാര്‍ റോഡരുകില്‍ നില്‍ക്കുകയായിരുന്ന യാത്രക്കാരുടെയിടയിലേക്ക് പാഞ്ഞു കയറിയെങ്കിലും തലനാരിഴക്കാണ് ദുരന്തമൊഴിവായത്.
അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.