തൃശൂർ: ദേശീയപാതയിൽ മുല്ലക്കരയിലെ ഹന്പ് അപകടക്കെണിയായി. റോഡിൽ ഹന്പുണ്ടെന്നു തിരിച്ചറിയാനുള്ള വെളുത്ത നിറത്തിലുള്ള വരകളോ റിഫ്ലക്ടറുകളോ സ്ഥാപിക്കാത്തതിനാൽ ഇവിടെ പകൽപോലും അപകടം പതിവായി. രാത്രിയിലാണു ഹന്പ് തിരിച്ചറിയാതെ കൂടുതൽ അപകടങ്ങളുണ്ടാകുന്നത്.
ബൈക്കു യാത്രക്കാരാണു ഹന്പിനു മുകളിലൂടെ ചാടി മറിഞ്ഞുവീണ് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നത്. നാലു ദിവസത്തിനകം അപകടത്തിൽ പരിക്കേറ്റ് രണ്ടു പേരാണു ഇരുകൈയും ഒടിഞ്ഞ് ആശുപത്രിയിൽ കഴിയുന്നത്.
ദേശീയപാത അഥോറിറ്റിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് അപകട കാരണം. എന്നിട്ടും പോലീസ് ദേശീയപാത അഥോറിറ്റിക്കെതിരേ കേസെടുക്കുന്നില്ലെന്നാണു യാത്രക്കാരുടേയും നാട്ടുകാരുടേയും പരാതി.
മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിൽ മുല്ലക്കര ഡോണ്‍ബോസ്കോ സ്കൂളിന്റെ മുൻവശത്തെ സർവീസ് റോഡിലാണ് ഈയിടെ ഹന്പ് നിർമിച്ചത്.
റോഡിലെ കുഴികൾ നികത്തി കുറച്ചുഭാഗം റീ ടാറിംഗ് നടത്തിയശേഷം ഒരു മാസം കഴിഞ്ഞാണ് ഹന്പുകൾ സ്ഥാപിച്ചത.് മുളയം പച്ചേരി വീട്ടിൽ രാജേഷ് ഓടിച്ചിരുന്ന ബൈക്ക് ഹന്പിൽ ചാടി പിറകിൽ ഇരുന്ന ഭാര്യ സുരേഖ (35) റോഡിലേക്കു തെറിച്ചുവീണ് കാലൊടിഞ്ഞു. കൈകൾക്കു മുറിവേറ്റു.
ഫെബ്രുവരി ഒന്നിനു രാത്രി ഹന്പിൽ ചാടിയ ബൈക്കിലെ യാത്രക്കാരനായ ചിറക്കേക്കാരൻ വർഗീസി (64) ന്റെ രണ്ടു കൈയും ഒടിഞ്ഞു. ശരീരമാകെ പരിക്കേറ്റു. ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ തലയ്ക്കു പരിക്കേറ്റില്ല.
ദേശീയപാത അഥോറിറ്റിക്കും കരാർ കന്പനിക്കുമെതിരെ പുതിയ നിയമമനുസരിച്ച് കേസെടുക്കേണ്ടതാണെങ്കിലും പോലീസ് മൗനം പാലിക്കുകയാണ്. അന്വേഷണം ആവശ്യപ്പെട്ട് നേർകാഴ്ച ചെയർമാൻ പി.ബി. സതീഷ് തൃശൂർ ഡിഐജിക്ക് പരാതി നൽകി.