കൂത്തുപറമ്പ്: റോഡിലെ ഹമ്പിൽ കയറി നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് തെറിച്ചു വീണ് മകനോടൊപ്പം സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ മരിച്ചു. കൈതേരി ആറങ്ങാട്ടേരിയിലെ മടപ്പുരച്ചാൽ വീട്ടിൽ എം.ശ്രീജ (40) യാണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെ പിണറായി- കേളാലൂർ- കായലോട് റോഡിൽ കേളാലൂർ സ്കൂളിനടുത്ത് വച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ശ്രീജയെ ഉടൻ തലശേരി സഹകരണാശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും പുലർച്ചെ ഒന്നോടെ മരിച്ചു.
അണ്ടല്ലൂർ ക്ഷേത്രത്തിൽ ഉത്സവത്തിൽ പങ്കെടുത്ത് മകനോടൊപ്പം ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്നു ശ്രീജ. മകൻ അഭിജിത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാർത്യായനിയുടെയും പരേതനായ നാരായണന്റെയും മകളാണ് മരണമടഞ്ഞ ശ്രീജ. ഭർത്താവ്: കെ.പി.പവിത്രൻ (ഗൾഫ്). മക്കൾ: അഭിജിത്ത് (ഡിഗ്രി വിദ്യാർഥി, എംജി.കോളജ്, കൂത്തുപറമ്പ്), അപർണ ( ലാബ് ടെക്നീഷൻ, ക്രിസ്തുരാജ ആശുപത്രി, തൊക്കിലങ്ങാടി). സഹോദരങ്ങൾ: ശ്രീനിവാസൻ ( ബസ് ഉടമ, പന്തക്കച്ചാൽ), പ്രീജ (പാത്തിപ്പാലം).
കൂത്തുപറമ്പ്: പിണറായിക്കടുത്ത് കേളാലൂരിൽ ബെക്കിൽ സഞ്ചരിക്കവെ വീട്ടമ്മ ബൈക്ക് മറിഞ്ഞ് മരിച്ച അപകടത്തിനിടയാക്കിയത് റോഡിൽ അശാസ്ത്രീയമായി നിർമിച്ച ബന്പ്. ഹംപുണ്ടെന്നറിയാതെ ഇതിലൂടെ ഓടിച്ചു പോകുന്ന ഇരുചക്രവാഹനം മറിഞ്ഞ് ഒരു വർഷത്തിനിടെ രണ്ടാമത്തെ ജീവനാണ് റോഡിൽ പൊലിയുന്നത്. കൈതേരി ആറങ്ങാട്ടേരിയിലെ മടപ്പുരച്ചാൽ വീട്ടിൽ പവിത്രന്റെ ഭാര്യ ശ്രീജ (40)യാണ് ഇന്നലെ രാത്രി പത്തോടെയുണ്ടായ അപകടത്തെ തുടർന്ന് മരിച്ചത്.
പിണറായി – കേളാലൂർ-കായലോട് റോഡിൽ കേളാലൂർ സ്കൂളിനു സമീപത്തായാണ് നിത്യേനയെന്നോണം അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്ന രീതിയിലുള്ള ഹംപുള്ളത്. ഹംപുണ്ടെന്നു സൂചിപ്പിക്കുന്ന ബോർഡോ റിഫ്ലക്ടറോ ഒന്നും തന്നെ ഇവിടെയില്ല. ബന്പിനു മുകളിൽ കൃത്യമായി തെളിയാത്തതും മാഞ്ഞു കൊണ്ടിരിക്കുന്നതുമായ വെള്ളവര മാത്രമാണുള്ളത്.
എട്ടു മാസം മുമ്പെയുണ്ടായ അപകടത്തിൽ മറ്റൊരു സ്ത്രീയും മരിച്ചിരുന്നു. ബന്പിൽ കയറി നിയന്ത്രണം വിട്ട് നിരവധി വാഹനയാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൂത്തുപറമ്പ് ഭാഗത്ത് നിന്നും പിണറായി ഭാഗത്തേക്ക് മമ്പറം ടൗൺ ചുറ്റാതെ പോകാനുള്ള എളുപ്പവഴിയാണ് ഈ റോഡ്.
അതിനാൽ സദാ സമയവും റോഡിൽ വാഹനങ്ങളുടെ തിരക്കും ഉണ്ടാവാറുണ്ട്. അപകടങ്ങൾ ക്ഷണിച്ചു വരുത്തും വിധം റോഡിൽ അശാസ്ത്രീയമായ രീതിയിലുള്ള ബന്പ്് നീക്കം ചെയ്യുകയോ അല്ലെങ്കിൽ ദൂര കാഴ്ചയിൽ തന്നെ കാണും വിധം സൂചനാ ബോർഡുകളും മറ്റും സ്ഥാപിച്ച് യാത്രക്കാരുടെ സുരക്ഷിതത്വം ബന്ധപ്പെട്ടവർ ഉറപ്പു വരുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.