ചാരുംമൂട് : ഗൃഹനാഥന്റെ വേർപാടിനെ തുടർന്ന് സ്വന്തമായി വീട് നിർമിക്കാൻ നിവർത്തിയില്ലാതിരുന്ന സാധുകുടുംബത്തിന് വീട് നിർമിച്ചു നൽകി ചുനക്കര മുസ്ലിം ജമാഅത്തിന്റെ കാരുണ്യ സ്പർശം. ചുനക്കര ജമാഅത്തിൽപ്പെട്ട ഒരു സാധു കുടുംബത്തിനാണ് സുമനസുകളുടെ സഹായത്തോടെ വീട് നിർമിച്ച് നൽകി മാതൃകയായത്.
വീടിന്റെ താക്കോൽദാനം ഇന്ന് വൈകുന്നേരം അഞ്ചിന് കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിക്കും. ഇതോടനുബന്ധിച്ച് ജമാഅത്തിന്റെ നവീകരിച്ച മദ്രസാ ഹാളിന്റെ ഉദ്ഘാടനം സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിക്കും.
പൊതുസമ്മേളനം പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡൻറ് ഇ.അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിക്കും. പഠനോപകരണ വിതരണം ആർ രാജേഷ് എം എൽ എ നിർവഹിക്കും. ഇന്നു മുതൽ മാർച്ച് 30 വരെ രാത്രി എട്ടിന് നടക്കുന്ന മതപ്രഭാഷണ പരന്പരയിൽ ഹാഫിസ് കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി, സിറാജുദീൻ ഖാസിമി, ഹാഫിസ്, ഇ.പി.അബൂബക്കർ ഖാസിമി എന്നിവർ പ്രഭാഷണം നടത്തും.