കടലിനടിയിൽനിന്നു ഗവേഷകരും മുങ്ങൽവിദഗ്ധരും അനവധി നിധിശേഖരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശതകോടികൾ വിലമതിക്കുന്നവയാണ് അവയിൽ പലതും. എന്നാൽ, കഴിഞ്ഞദിവസം ബാൾട്ടിക് കടലിൽനിന്നു ഡൈവിംഗ് സംഘം കണ്ടെത്തിയത് വിശേഷപ്പെട്ട ഒരു “നിധിശേഖരം’ ആയിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു കപ്പലിന്റെ ഭാഗങ്ങളാണ് ആഴക്കടലിൽ ആദ്യം കണ്ടത്. ഭൂരിഭാഗവും ദ്രവിച്ച കപ്പലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ പരതിയപ്പോൾ അതാ ഇരിക്കുന്നു, ഷാംപെയ്ന്റെയും വൈനിന്റെയും നിരവധി കുപ്പികൾ. മിനറൽ വാട്ടർ, പോർസലൈൻ എന്നിവ നിറച്ച കുപ്പികളും കണ്ടെത്തി. ഷാംപെയ്ൻ കുപ്പികൾ നൂറോളം എണ്ണമുണ്ടായിരുന്നു.
കളിമൺ നിർമിത കുപ്പികളുടെ കാലപ്പഴക്കം നിർണയിച്ചപ്പോൾ 1850 നും 1867നും ഇടയിൽ നിർമിച്ചതാണു കപ്പൽ എന്നു വ്യക്തമായി. ഒന്നേമുക്കാൽ നൂറ്റാണ്ട് പഴക്കമുള്ളതാണെങ്കിലും ഷാംപെയ്നും മിനറൽ വാട്ടറും ഇപ്പോഴും ഉപയോഗിക്കാൻ കഴിയുന്നവയാണെന്നു ഡൈവിംഗ് സംഘത്തിലുള്ള തോമസ് സ്റ്റച്യൂറ പറഞ്ഞു. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സെൽറ്റേഴ്സ് എന്ന ജർമൻ കമ്പനിയുടേതായിരുന്നു കുപ്പിവെള്ളം. അന്നത്തെ കാലത്ത് ഔഷധമെന്നോണം പരിഗണിച്ചിരുന്ന ഈ മിനറൽ വാട്ടർ കൊട്ടാര തീൻമേശകളിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ.
റഷ്യയിലെ സാർ നിക്കോളാസ് ഒന്നാമന് വേണ്ടി സെന്റ് പീറ്റേഴ്സ്ബർഗിലേക്കോ സ്റ്റോക്ഹോമിലേക്കോ കൊണ്ടുപോകും വഴിയാവാം കപ്പൽ മുങ്ങിപ്പോയതെന്നാണു നിഗമനം. സ്വീഡിഷ് ദ്വീപായ ഒലാൻഡിന് 37 കിലോമീറ്റർ തെക്കായിട്ടാണു കപ്പൽ കണ്ടെത്തിയത്. കണ്ടെത്തിയ വസ്തുക്കൾ പുരാവസ്തു വിഭാഗത്തിനു കൈമാറും.