ധരംശാല: നൂറാം ടെസ്റ്റിൽ വൈകാരിക നിമിഷങ്ങളുമായി ഇന്ത്യയുടെ മാന്ത്രിക സ്പിന്നർ ആർ. അശ്വിൻ. മത്സരത്തിന് ഇറങ്ങുംമുന്‍പ് ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് അശ്വിന് 100-ാം ടെസ്റ്റിനുള്ള ഓർമയ്ക്കായി പ്രത്യേക ക്യാപ് സമ്മാനിക്കുകയും ടീമിനായി നടത്തുന്ന അധ്വാനത്തെക്കുറിച്ച് വിവരിക്കുകയും ചെയ്തു. ദ്രാവിഡ് നൽകിയ ക്യാപ് അശ്വിൻ മകൾക്ക് സമ്മാനിച്ചതോടെ സന്തോഷത്തിന്റെ ആഘോഷം വൈകാരിക നിമിഷമായി മാറി.
തന്റെ ടീമിനായി കഠിനാധ്വാനം ചെയ്യുന്പോൾ കുടുംബത്തിന്റെ സപ്പോർട്ടും കുടുംബത്തോടുള്ള ആത്മബന്ധവും വ്യക്തമാക്കുന്നതായിരുന്നു അശ്വിന്റെ പ്രവൃത്തി. ഒരു ഗ്ലാസ് കാബിനറ്റിൽ സൂക്ഷിച്ചിരുന്ന തൊപ്പിയാണ് ബിസിസിഐ നൂറാം ടെസ്റ്റ് കളിക്കുന്ന അശ്വിന് സമ്മാനിച്ചത്. ഭാര്യയും രണ്ടു പെണ്മക്കളും അശ്വിനൊപ്പം ഉണ്ടായിരുന്നു.
51 റണ്‍സ് വഴങ്ങിയാണ് തന്റെ 100-ാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ അശ്വിൻ നാല് ഇംഗ്ലീഷ് വിക്കറ്റ് വീഴ്ത്തിയത്.
പതിനാലാമൻ…
100-ാം മത്സരത്തിൽ മികച്ച പ്രകടനമാണ് അശ്വിൻ കാഴ്ചവച്ചത്. ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റ് അശ്വിൻ വീഴ്ത്തി. 100 ടെസ്റ്റ് കളിക്കുക എന്നത് വലിയ നേട്ടമാണെന്ന് അശ്വിനെ പ്രശംസിച്ച് ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞു. മാച്ച് വിന്നറാണ് അശ്വിൻ എന്നും രോഹിത് കൂട്ടിച്ചേർത്തു.
ഇന്ത്യക്കായി വേഗത്തിൽ 500 വിക്കറ്റ് നേടുന്ന റിക്കാർഡ് ഇംഗ്ലണ്ടിന് എതിരായ ഈ പരന്പരയിൽ അശ്വിൻ സ്വന്തമാക്കിയിരുന്നു. കപിൽ ദേവ്, അനിൽ കുംബ്ലെ, ഇഷാന്ത് ശർമ, ഹർഭജൻ സിംഗ് എന്നിവർക്കുശേഷം 100 ടെസ്റ്റ് കളിക്കുന്ന അഞ്ചാമത് ഇന്ത്യൻ ബൗളറാണ് അശ്വിൻ.
അനിൽ കുംബ്ലെ, ഹർഭജൻ സിംഗ്, മുത്തയ്യ മുരളീധരൻ, ഷെയ്ൻ വോൺ, നഥാൻ ലിയോണ്‍ എന്നിവർക്കുശേഷം ഈ നാഴികക്കല്ലിലെത്തുന്ന ലോകത്തിലെ ആറാമത് സ്പിന്നറുമായി.