കൊച്ചി: ഇന്ത്യയിൽ ആദ്യത്തെ ഒരു രൂപ കറൻസി പുറത്തിറങ്ങിയിട്ടു നാളെ 100 വർഷം തികയുന്നു. ബ്രിട്ടീഷ് നിയന്ത്രണത്തിലായിരുന്ന ഭാരതസർക്കാർ 1917 നവംബർ 30നാണ് ഒരു രൂപ നോട്ട് ആദ്യം പുറത്തിറക്കിയത്.
ബ്രിട്ടീഷ് രാജാവ് ജോർജ് അഞ്ചാമന്റെ ചിത്രം അച്ചടിച്ചിട്ടുള്ള നോട്ടിന്, സ്വാതന്ത്ര്യത്തിനുശേഷം അച്ചടിക്കപ്പെട്ട ഒരു രൂപ നോട്ടുകളിൽനിന്നു നിറത്തിലും വലുപ്പത്തിലും വ്യത്യാസമുണ്ടായിരുന്നു. ഭാരത സർക്കാരിനുവേണ്ടി ധനകാര്യ വിഭാഗം സെക്രട്ടറിയുടെ ഒപ്പാണു നോട്ടിലുണ്ടായിരുന്നത്. 25 നോട്ടുകളടങ്ങിയ ബുക്കായാണ് ഒരു രൂപ ബാങ്കുകളിൽ വിതരണത്തിനെത്തിയത്. എട്ടു ഭാഷകളിൽ ഒരു രൂപ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വാതന്ത്ര്യത്തിനുശേഷം 1948ൽ പുതിയ രൂപത്തിലും നിറത്തിലും ഒരു രൂപയുടെ പുതിയ നോട്ട് അച്ചടിച്ചു. കേരളപ്പിറവിക്കുശേഷം പരിഷ്കരിച്ച ഒരു രൂപ നോട്ടിലാണു മലയാളം ഇടംനേടിയത്. നോട്ടിന്റെ പിൻഭാഗത്തു വിവിധ ഭാഷകളിൽ ഒരു രൂപ എന്നു രേഖപ്പെടുത്തിയിരിക്കുന്നതിൽ ആറാമത്തേതാണു മലയാളം.
1994 നവംബറിൽ ഒരു രൂപ നോട്ടുകളുടെ അച്ചടി നിർത്തിവച്ചു. 21 വർഷത്തെ ഇടവേളയ്ക്കുശേഷം 2015ൽ വീണ്ടും പുതിയ ഒരു രൂപ നോട്ട് റിസർവ് ബാങ്ക് പുറത്തിറക്കി. സ്വതന്ത്രഭാരതത്തിൽ ഇതുവരെ അറുപതോളം വ്യത്യസ്തങ്ങളായ ഒരു രൂപ നോട്ടുകൾ പുറത്തിറങ്ങിയിട്ടുണ്ടെന്ന് പ്രമുഖ ന്യൂമിസ്മാറ്റിസ്റ്റ് ഷൈജു കുടിയിരിപ്പിൽ പറഞ്ഞു. 1917ൽ പുറത്തിറങ്ങിയതുൾപ്പടെ ഇതുവരെയുള്ള വ്യത്യസ്ത ഒരു രൂപ നോട്ടുകൾ ഇദ്ദേഹം ശേഖരിച്ചിട്ടുണ്ട്.
അപൂർവ കറൻസികളുടെ വിപുലമായ ശേഖരത്തിലൂടെ ശ്രദ്ധ നേടിയ ഷൈജു അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ സീനിയർ പിആർഒയാണ്.
സിജോ പൈനാടത്ത്