എലിക്കുളം: ഹംഗറിയുടെ നാഷണൽ ക്രിക്കറ്റ് ടീമിനെച്ചൊല്ലി എലിക്കുളം ഗ്രാമത്തിന് ഇനി അഭിമാനിക്കാം. എലിക്കുളം വഞ്ചിമല കളപ്പുരയ്ക്കൽ കെ.ജെ. ജേക്കബ്-മേഴ്സി ദന്പതികളുടെ മൂത്തമകനായ മുപ്പതുകാരൻ അമൽ ജേക്കബാണ് ഹംഗറിയുടെ ടീമിൽ ഉൾപ്പെട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് മാച്ചുകളിൽ പങ്കെടുത്തു തുടങ്ങിയത്.
2023ൽ നാഷണൽ ക്രിക്കറ്റ് ടീമിലേക്കു സെലക്ഷൻ കിട്ടിയ അമൽ ഇസ്രയേൽ, പോർച്ചുഗൽ, റൊമേനിയ എന്നീ രാജ്യങ്ങളുടെ ടീമിനെതിരേ പോരാടി. 2026ൽ നടത്തുന്ന ഐസിസി ട്വന്റി-ട്വന്റി വേൾഡ് കപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ക്വാളിഫൈയിംഗ് മാച്ചുകളിലാണ് ഓൾറൗണ്ടറായി അമൽ കളിച്ചത്. ബാറ്റിംഗിലും ബൗളിംഗിലും ഒരേ പോലെ ശോഭിക്കാനാവുന്ന അമൽ ക്വാളിഫൈയിംഗ് മാച്ചിൽ ഒരു വിക്കറ്റ് നേടുകയും ചെയ്തു.
ബാഡ്മിന്റൺ കളിയിൽ നിന്നാണ് ക്രിക്കറ്റ് രംഗത്തേക്ക് അമൽ എത്തുന്നത്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽനിന്ന് മെക്കാനിക്കൽ എൻജിനിയറിംഗ് ബിടെക് നേടിയ അമൽ ബംഗളൂരു ഐസിസിയിൽ ഐടിമേഖലയിൽ ജോലി ചെയ്യവേ ബാഡ്മിന്റണിലായിരുന്നു ശോഭിച്ചത്.
2019ലാണ് ഹംഗറിയിൽ ഐടി മേഖലയിൽ ജോലിയിൽ പ്രവേശിച്ചത്. ഇതിനിടെ പ്രശസ്തമായ കോബ്ര ക്രിക്കറ്റ് ക്ലബ്ബിൽ കളിച്ചു തുടങ്ങിയതോടെയാണ് ക്രിക്കറ്റിൽ ശ്രദ്ധേയനായി തുടങ്ങിയത്.
കോബ്രാ ക്ലബ്ബിലൂടെ യൂറോപ്യൻ ലീഗിൽ മികച്ച നേട്ടമായതോടെയാണ് ഹംഗറിയുടെ നാഷണൽ ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കപ്പെട്ടത്. ട്രാവൽ വ്ലോഗിലൂടെയും അമൽ ശ്രദ്ധേയനാണ്.